സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ഇനി നാല് മാസം മാത്രം ബാക്കി നിൽക്കെ നികുതി ഭാരം കുറയ്‌ക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാൽ നികുതി ഇളവ് മാത്രം ലക്ഷ്യം വച്ചുള്ള നിക്ഷേപങ്ങൾ ആകരുത് തെരഞ്ഞെടുക്കേണ്ടത്. നിക്ഷേപങ്ങൾ എപ്പോഴും ഭാവിയിലെ സാമ്പത്തിക ഭദ്രത മുന്നിൽ കണ്ടുകൊണ്ടാകണം.
1961 ലെ ആദായ നികുതി നിയമം, നികുതി ഭാരം കുറയ്‌ക്കുന്നതിന് നിരവധി മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്. ഇതിൽ സെക്ഷൻ 80 സി വളരെ പ്രധാനമാണ്. നിക്ഷേപ പദ്ധതികളിലൂടെ 1.50 ലക്ഷം രൂപ വരെ നികുതി ലാഭിക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കുന്നു.
മികച്ച നിക്ഷേപ പദ്ധതികൾ: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (EPF), അഞ്ച് വർഷത്തെ ടാക്‌സ് സേവർ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, ലൈഫ് ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം, പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (PPF), നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ (NSC), സീനിയർ സിറ്റിസൺസ് സേവിങ്‌സ് സ്‌കീം (SCSS), ഇക്വിറ്റി ലിങ്ക്‌ഡ് സേവിങ്‌സ് സ്‌കീമുകൾ ( ELSS) എന്നിവയെല്ലാം ഇത്തരം പദ്ധതികളാണ്. ചില പോളിസികൾ സ്ഥിരമായ വരുമാനം നൽകുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പണപ്പെരുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ ലാഭകരമാകണമെന്നില്ല.
നിക്ഷേപിക്കും മുൻപ് ശ്രദ്ധിക്കണം: മാർക്കറ്റ് ലിങ്ക്‌ഡ് പോളിസികളായ ഇഎൽഎസ്‌എസ്, യൂണിറ്റ് ലിങ്ക്‌ഡ് ഇൻഷുറൻസ് പോളിസികൾ, നാഷണൽ പെൻഷൻ സ്‌കീം എന്നിവ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട പദ്ധതികളാണ്. ഇവ ദീർഘകാലത്തേക്ക് ഉയർന്ന നിക്ഷേപ വളർച്ച നൽകുന്നു. വരുമാനത്തിനും ഉയർന്ന നികുതിഭാരം ഉണ്ടാകില്ല.
ഇക്വിറ്റി ലിങ്ക്‌ഡ് സേവിങ്‌സ് സ്‌കീമുകൾ: നികുതി ലാഭിക്കാൻ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇഎൽഎസ്‌എസ് പോളിസികൾ തിരഞ്ഞെടുക്കാം. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും നിക്ഷേപം തുടരണം. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. ഒരൊറ്റ വലിയ ഇഎൽഎസ്‌എസ് പോളിസി തിരഞ്ഞെടുക്കുന്നതിനുപകരം, പണം മൂന്നോ നാലോ പ്ലാനുകളിലായി നിക്ഷേപം നടത്താവുന്നതുമാണ്.
സാമ്പത്തിക വർഷത്തിന്‍റെ തുടക്കം മുതൽ തന്നെ രണ്ടോ മൂന്നോ സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്‍റ് പ്ലാനുകളിൽ പണം നിക്ഷേപിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. ഇതിന് മൂന്ന് വർഷത്തെ ലോക്കിങ് പിരീഡ് ഉണ്ടായിരിക്കും. മൂന്ന് വർഷത്തിന് ശേഷം തുക പിൻവലിക്കാവുന്നതാണ്. വലിയ തുക ഉണ്ടെങ്കിൽ ഇടവേളകളില്ലാതെ നിക്ഷേപം തുടരുന്നതാണ് ഉചിതം.
റിട്ടയർമെന്‍റ് ആനുകൂല്യത്തിനൊപ്പം നികുതി ലാഭവും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് എൻപിഎസ് പ്ലാൻ. ഇതിൽ എത്ര പെൻഷൻ ലഭിക്കും എന്നത് മൊത്തം നിക്ഷേപിച്ച ഫണ്ടിനെ ആശ്രയിച്ചിരിക്കും.