ന്യൂഡൽഹി: വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളിൽ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ചർച്ച ചെയ്‌ത് ഇന്ത്യയും സൗദി അറേബ്യയും. രൂപ-റിയാൽ വ്യാപാരം സ്ഥാപനവൽക്കരിക്കാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു ചർച്ച. യുപിഐ (UPI), റുപേ (Rupay) കാർഡുകൾ രാജ്യത്ത് അവതരിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തി.
വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്‍റെ സെപ്റ്റംബർ 18,19 ദിവസങ്ങളിലെ സൗദി സന്ദർശനത്തിലാണ് ചർച്ച. ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് കൗൺസിലിന്‍റെ മന്ത്രിതല യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ഗോയലും സൗദി ഊർജ മന്ത്രി രാജകുമാരൻ അബ്‌ദുൽ അസീസ് ബിൻ സൽമാൻ അൽ-സൗദും ചേർന്ന് കൗൺസിലിന്‍റെ സാമ്പത്തിക, നിക്ഷേപ സമിതിയുടെ മന്ത്രിതല യോഗത്തിൽ അധ്യക്ഷത വഹിച്ചു.
അബ്‌ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരനുമായി ഗോയൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ചർച്ചയില പ്രധാന വിഷയങ്ങൾ
- വ്യാപാരത്തിന്‍റെയും വാണിജ്യത്തിന്‍റെയും വൈവിധ്യവൽക്കരണവും വിപുലീകരണവും വ്യാപാര തടസങ്ങൾ നീക്കലും
- സൗദി അറേബ്യയിൽ ഇന്ത്യൻ ഫാർമ ഉൽപ്പന്നങ്ങളുടെ ഓട്ടോമാറ്റിക് രജിസ്ട്രേഷനും വിപണന അംഗീകാരവും.
- രൂപ-റിയാൽ വ്യാപാരം സ്ഥാപനവൽക്കരിക്കാനുള്ള സാധ്യത.
- സൗദി അറേബ്യയിൽ യുപിഐ, റുപേ കാർഡുകൾ അവതരിപ്പിക്കൽ
- കാലാവസ്ഥ വ്യതിയാന സംവേദനക്ഷമതയുള്ള ഊർജ സുരക്ഷ എങ്ങനെ സാമ്പത്തിക വളർച്ചയും സമൃദ്ധിയും നൽകുമെന്ന് ചർച്ച ചെയ്‌തു.
- കൃഷി, ഭക്ഷ്യസുരക്ഷ, ഊർജ്ജം, സാങ്കേതികവിദ്യയും ഐടിയും, വ്യവസായവും അടിസ്ഥാന സൗകര്യങ്ങളും എന്നീ മേഖലകൾക്ക് കീഴിൽ സാങ്കേതിക സംഘങ്ങൾ കണ്ടെത്തിയ 41 സഹകരണ മേഖലകൾക്കും മന്ത്രിതല യോഗം അംഗീകാരം നൽകി.
- മുൻഗണനയുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനും വെസ്റ്റ് കോസ്റ്റ് റിഫൈനറി, എൽഎൻജി ഇൻഫ്രാസ്ട്രക്‌ചർ നിക്ഷേപം, ഇന്ത്യയിലെ തന്ത്രപ്രധാനമായ പെട്രോളിയം സംഭരണ കേന്ദ്രങ്ങളുടെ വികസനം എന്നിവ ഉൾപ്പെടെയുള്ള സംയുക്ത പദ്ധതികളിൽ തുടർച്ചയായ സഹകരണം പുനഃസ്ഥാപിക്കുന്നതിനോട് യോജിച്ചു.
- ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിലും ഇന്ത്യയിലേക്കുള്ള നിക്ഷേപം സുഗമമാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്‌തു.
- ഇരു രാജ്യങ്ങളുടെയും എക്‌സിം ബാങ്കുകളുടെ സ്ഥാപനപരമായ ബന്ധം, മൂന്നാം രാജ്യങ്ങളിലെ സംയുക്ത പദ്ധതികൾ, മാനദണ്ഡങ്ങളുടെ പരസ്‌പര അംഗീകാരം, അടിസ്ഥാന സൗകര്യ വികസനത്തിലെ സഹകരണം തുടങ്ങി വിവിധ വിഷയങ്ങളിൽ മന്ത്രി പ്രത്യേക യോഗത്തിൽ ചർച്ച നടത്തി.