ആദയനികുതി റീഫണ്ടിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. ശരിയായ റിട്ടേണുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് റീഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതിയിലെ റീഫണ്ടിനായി നിങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടും നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ആദായ നികുതിയില്‍ നിങ്ങള്‍ക്ക് കുടിശ്ശികയുണ്ടോ എന്ന് പരിശോധിക്കുക: മുന്‍ വര്‍ഷങ്ങളിലെ ആദായ നികുതിയില്‍ നിങ്ങള്‍ക്ക് കുടിശ്ശികയുണ്ടെങ്കില്‍, റീഫണ്ടിനുള്ള നിങ്ങളുടെ അപേക്ഷ ആദയ നികുതി വകുപ്പ് നിരസിക്കാനുള്ള സാധ്യതയുണ്ട്. കുടിശ്ശികയുണ്ടെങ്കില്‍ ആദായ നികുതി വകുപ്പ് നിങ്ങള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്യും. ഈ നോട്ടീസിന് കൃത്യസമയത്ത് നിങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ടോ എന്ന് ആദയനികുതി വകുപ്പ് പരിശോധിക്കും. നോട്ടീസിനുള്ള നിങ്ങളുടെ മറുപടി പരിശോധിച്ചതിന് ശേഷമാണ്, നിങ്ങളുടെ റീഫണ്ട് അപേക്ഷയില്‍ ആദയനികുതി വകുപ്പ് തീരുമാനം എടുക്കുക.
ബാങ്ക് വിവരങ്ങളില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിക്കുക: ആദായനികുതി റിട്ടേണില്‍ കൊടുത്ത ബാങ്ക് വിവരങ്ങള്‍ തെറ്റാണെങ്കില്‍ , നിങ്ങള്‍ക്ക് റീഫണ്ട് ലഭിക്കില്ല. അതുകൊണ്ട് തന്നെ ശരിയായ ബാങ്ക് വിവരങ്ങളാണ് നല്‍കിയതെന്ന് നിങ്ങള്‍ ഉറപ്പുവരുത്തണം. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതോടൊപ്പം അതില്‍ ഇ വെരിഫിക്കേഷനും നടത്തേണ്ടതുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്‌ത് 120 ദിവസങ്ങള്‍ക്കുള്ളില്‍ ഇ വെരിഫിക്കേഷന്‍ നടത്തിയില്ലെങ്കില്‍ അത് അസാധുവാകും. ഏറ്റവും പെട്ടെന്ന് ഇ വെരിഫിക്കേഷന്‍ നടത്തുന്നതാണ് നല്ലത്.
ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കുക: നിങ്ങളുടെ റീഫണ്ട് അപേക്ഷയില്‍ ആദായനികുതി വകുപ്പ് ചില വ്യക്തതകള്‍ ആവശ്യപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ ആദായനികുതി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌ത് അവര്‍ എന്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം. ചിലപ്പോള്‍ നിങ്ങള്‍ കണക്കാക്കിയ തുകയും ആദയനികുതി വകുപ്പ് കണക്കാക്കിയ തുകയും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അതിനൊക്കെ നിങ്ങള്‍ക്ക് ആദായ നികുതി വെബ്‌സൈറ്റിലൂടെ മറുപടി പറയാവുന്നതാണ്.