പണപ്പെരുപ്പം പിടിച്ച് നിര്‍ത്താനായി ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിക്കുകയാണ്. ഇതിന്‍റെ ഫലമായി വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന വായ്‌പകളുടെ പലിശയും സ്ഥിരം നിക്ഷേപങ്ങള്‍ക്ക് ലഭ്യമാകുന്ന പലിശയും വര്‍ധിക്കുകയാണ്. പല ബാങ്കുകളും നിലവില്‍ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനത്തില്‍ കൂടുതല്‍ വാര്‍ഷിക പലിശ നല്‍കുന്നുണ്ട്.
ഇത് ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ എട്ട് ശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് വ്യത്യസ്‌തമായ പലിശ നിരക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കൂടുതല്‍ പലിശ ലഭിക്കുമ്പോള്‍ റിസ്‌കും വര്‍ധിക്കുന്നു: സ്ഥിരതയുള്ള റിട്ടേണ്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന ഒരു നിക്ഷേപ മാര്‍ഗമാണ് സ്ഥിരനിക്ഷേപം. ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമ്പോള്‍ നിക്ഷേപത്തിനുള്ള റിസ്‌കും കൂടുതലായിരിക്കുമെന്ന തത്വം സ്ഥിരനിക്ഷേപത്തിന്‍റെ കാര്യത്തിലും ബാധകമാണ്. ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള റിസ്‌ക് ഫാക്‌ടര്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം.
വളരെ സുരക്ഷിതമെന്ന് വിലയിരുത്തപ്പെടുന്ന പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് മറ്റ് ബാങ്കുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശയാണ് നല്‍കുന്നത്. ചെറുകിട ബാങ്കുകള്‍ നിക്ഷേപം ആകര്‍ഷിക്കാനായി കൂടുതല്‍ പലിശ വാഗ്‌ദാനം ചെയ്യുന്നു. ഇത്തരം ബാങ്കുകളിലെ നിക്ഷേപത്തിന് റിസ്‌കുണ്ട് എന്ന് മനസിലാക്കണം.
ആര്‍ബിഐ അംഗീകരിച്ച ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലെ അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാണ്. അതുകൊണ്ട് തന്നെ ഈ പരിധിവരെയുള്ള അത്തരം ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. പുതുതലമുറ ചെറുകിട ധനകാര്യ ബാങ്കുകള്‍(എസ്‌എഫ്‌ബി) വ്യാപകമായി നിലവില്‍ വരുന്ന കാലഘട്ടമാണിത്.
എസ്‌എഫ്‌ബി കൂടുതല്‍ പലിശ നല്‍കുന്നു: ഇത്തരം ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനത്തില്‍ അധികം പലിശ നല്‍കുന്നുണ്ട്. സൂര്യോദയ എസ്‌എഫ്‌ബി 999 ദിവസങ്ങള്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 8.01 ശതമാനം പലിശയാണ് നല്‍കുന്നത്. ഉജ്ജീവന്‍ എസ്‌എഫ്ബി 560 ദിവസം കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനമാണ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കാണെങ്കില്‍ 8.75 ശതമാനം പലിശയും നല്‍കുന്നു. സ്ഥിരനിക്ഷേപ പലിശ നിരക്കില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത്.
പൊതുമേഖല ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് വളരെ കുറഞ്ഞ അളവിലാണ്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനം വരെ ചില പൊതുമേഖല ബാങ്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 599 ദിവസങ്ങള്‍ മുതല്‍ 777 ദിവസങ്ങള്‍ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക നിരക്കുകള്‍ പൊതുമേഖല ബാങ്കുകള്‍ വാഗ്‌ദാനം നല്‍കുന്നുണ്ട്. കൂടാതെ 60 വയസില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 50 ബേസിസ് പോയിന്‍റ് (0.50ശതമാനം) കൂടുതല്‍ പലിശയും പൊതുമേഖല ബാങ്കുകള്‍ നല്‍കുന്നു.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശ നല്‍കുന്നുണ്ട്. ചില പ്രത്യേക കാലപരിധിയുള്ള നിക്ഷേപങ്ങള്‍ക്ക് 12 പൊതുമേഖല ബാങ്കുകളില്‍ പത്തെണ്ണവും ആറ് ശതമാനമോ അതില്‍ കൂടുതലോ പലിശ നല്‍കുന്നുണ്ട്.
പലിശ നിരക്ക് ഇനിയും വര്‍ധിക്കും: എല്ലാ ബാങ്കുകളും പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ പോകുകയാണ്. പോസ്‌റ്റ് ഓഫിസുകളിലെ അഞ്ച് വര്‍ഷകാലാവധിയുള്ള നിക്ഷേപത്തിന് 6.70 ശതമാനം പലിശ ലഭിക്കും. ബാങ്കുകള്‍ നല്‍കുന്ന പലിശ വര്‍ധിച്ച് വരുന്നുണ്ടെങ്കിലും പോസ്‌റ്റ് ഓഫിസ് പലിശ നിരക്ക് വര്‍ധിക്കുന്നില്ല.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും വായ്‌പ സ്ഥാപനങ്ങളും ഫണ്ട് സമാഹരിക്കുന്നത് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ വഴിയാണ്. ഇത്തരം എഫ്‌ഡികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. എന്നാല്‍ ഇത്തരം സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കും. എന്നാല്‍ സുരക്ഷിതത്വം കുറവായിരിക്കും.
ഇത്തരം എഫ്‌ഡികളില്‍ ധനകാര്യ സ്ഥാപനത്തിന്‍റെ ക്രെഡിറ്റ് റേറ്റിങ് നോക്കിയാണ് നിക്ഷേപിക്കേണ്ടത്. ട്രിപ്പിള്‍ എ റേറ്റിങ്ങുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ 7.50 ശതമാനം വരെ പലിശ നല്‍കുന്നു. എഎ റേറ്റിങ്ങുള്ളവ എട്ട് ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 25 മുതല്‍ 50 ബേസിസ് പോയിന്‍റുകള്‍ വരെ കൂടുതല്‍ പലിശ ലഭിക്കുന്നു.
സ്വകാര്യ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള നിലവിലെ പലിശനിരക്ക് ആറ് ശതമാനത്തില്‍ കൂടുതലാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.25 ശതമാനം വരെ പലിശ ലഭിക്കുന്നു. പല വലിയ സ്വകാര്യ ബാങ്കുകളും ഈ അടുത്ത കാലത്തായി പലിശ നിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്.
പലിശ നിരക്ക് ഉയര്‍ത്തുന്ന കാര്യത്തില്‍ സ്വകാര്യ ബാങ്കുകള്‍ പൊതുമേഖല ബാങ്കുകളെ പിന്തുടരുന്നതായാണ് പൊതുവെ കണ്ടുവരുന്നത്. വിദേശ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം വരെ നല്‍കുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്.
അതുകൊണ്ട് തന്നെ പലര്‍ക്കും ഇപ്പോള്‍ സ്ഥിരനിക്ഷേപം നടത്തണമോ അതോ ഇനിയും കാത്തിരിക്കണമോ എന്നുള്ള സംശയം ഉണ്ടാകാം. സ്ഥിര നിക്ഷേപത്തിനായി കരുതിയ പണം വിഭജിച്ച് പല സമയങ്ങളിലായി നിക്ഷേപിക്കുന്നത് ഉചിതമായിരിക്കും. ഇങ്ങനെ വരുമ്പോള്‍ പലിശ നിരക്കില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ നിങ്ങള്‍ക്ക് അനുഗുണമായി മാറ്റാന്‍ സാധിക്കും.