ന്യൂഡൽഹി: ഡൽഹിയില്‍ നിന്നും ജാർഖണ്ഡിലെ ദേവ്‌ഘറിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ച് ഇൻഡിഗോ. ദേവ്‌ഘറില്‍ പുതുതായി ഉദ്‌ഘാടനം ചെയ്‌ത വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്‌ഘാടനം ചെയ്‌തു. ശനിയാഴ്‌ച(30.07.2022) നടന്ന ചടങ്ങില്‍ വ്യോമയാന സഹമന്ത്രി റിട്ടയര്‍ ജനറൽ വി.കെ സിങും പങ്കെടുത്തു.
ഡൽഹി - ദേവ്‌ഘര്‍ റൂട്ടില്‍ 180 സീറ്റുകളുള്ള എ 320 നിയോ ട്വിൻ ടർബോഫാൻ എഞ്ചിൻ വിമാനമാണ് സര്‍വീസ് നടത്തുക. പ്രധാനമായും ആഭ്യന്തര റൂട്ടുകളിലാണ് ഈ വിമാനം ഉപയോഗിക്കാറുള്ളത്. ഇന്‍ഡിഗോയുടെ പുതിയ സര്‍വീസോടുകൂടി ദേവ്‌ഘറില്‍ നിന്നും പ്രതിദിനം പുറപ്പെടുന്ന വിമാനങ്ങളുടെ എണ്ണം 11 ആയി. സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിലാണ് ഇക്കാര്യം പറയുന്നത്.
''ദേവ്‌ഘറിലെ ബാബ ബൈദ്യനാഥ് ധാം ഒരു അന്താരാഷ്‌ട്ര തീര്‍ഥാടന കേന്ദ്രമാണ്. പുതിയ വിമാന സര്‍വീസ്, ഇവിടേക്ക് എത്താന്‍ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് തീർഥാടകരെ സഹായിക്കും. ഈ സര്‍വീസ് ആരംഭിക്കുന്നതില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്‌ഘാടനത്തിനിടെ പറഞ്ഞു.