എറണാകുളം: സംസ്ഥാനത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായി തുടങ്ങി. റിലയന്‍സ് ജിയോയുടെ 5ജി സേവനം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇന്ന് വൈകിട്ട് 5.30 ന് പനമ്പിള്ളി നഗര്‍ ഹോട്ടല്‍ അവന്യൂ സെന്‍ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായി ഉദ്‌ഘാടനം നിര്‍വഹിച്ചു.
ഫൈവ് ജി സേവനം സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ വലിയ മാറ്റത്തിന് സഹായകമാകുമെന്നും വിദ്യാഭ്യാസം, ഐടി, വ്യവസായ മേഖലകളിൽ വളർച്ചയ്ക്ക് ഊർജം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ കൊച്ചിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് ഫൈവ് ജി സേവനം ലഭ്യമാക്കി തുടങ്ങിയത്.
ഡിസംബർ 22 മുതൽ തിരുവനന്തപുരത്തും സേവനം ലഭ്യമാകും. ജനുവരിയിൽ തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ഫൈവ് ജി ലഭിക്കുമെന്നും ജിയോ അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകളിലടക്കം 5ജി വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ബന്ധപ്പെട്ടവർ വിശദീകരിച്ചു. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് രാജ്യത്ത് ആദ്യമായി ഫൈവ് ജി സേവനം ആരംഭിച്ചത്.
ആദ്യ ഘട്ടത്തിൽ എട്ട് പ്രധാന നഗരങ്ങളിലാണ് സേവനം ലഭ്യമാക്കിയിരുന്നത്. തുടര്‍ന്ന് നവംബർ അവസാനത്തോടെ കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനങ്ങൾ വ്യാപിപ്പിച്ചു. ഇതിന് പിന്നാലെയാണ് കേരളത്തിൽ ആദ്യമായി കൊച്ചിയിൽ ഫൈവ് ജി സേവനങ്ങൾക്ക് തുടക്കമായത്.
നഗര പരിധിയിൽ കുറച്ച് ദിവസത്തേക്ക് ട്രയൽ റണ്ണായിട്ടാകും 5ജി സേവനം ലഭിക്കുക. തുടര്‍ന്ന് കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് വ്യാപിപ്പിക്കും. നിലവിൽ ലഭ്യമാകുന്ന നാലാം തലമുറ സേവനത്തിന്‍റെ പത്ത് ഇരട്ടി വരെ ഡാറ്റ വേഗതയാണ് അഞ്ചാം തലമുറയിൽ പ്രതീക്ഷിക്കുന്നത്.
ഫൈവ് ജി ഫോണുള്ളവർക്ക് ഫോണിലെ സെറ്റിങ്സില്‍ മാറ്റം വരുത്തിയാൽ 5ജി ഉപയോഗിക്കാൻ കഴിയും. സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്ത് വിട്ടിരുന്നു. കേരളത്തിൽ കൊച്ചിയാണ് പട്ടികയിലുണ്ടായിരുന്നത്.