പ്രമുഖ സെർച്ച് എഞ്ചിനായ യാഹു തങ്ങളുടെ ഇന്ത്യയിലെ വാർത്ത സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. പുതിയ എഫ്‌ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപ) നിയമങ്ങളെ തുടർന്നാണ് നടപടി. യാഹു ഇന്ത്യ ന്യൂസ്, യാഹു ക്രിക്കറ്റ്, ഫിനാൻസ്, എന്‍റർടൈൻമെന്‍റ് തുടങ്ങിയ സൈറ്റുകൾ ഇനിമുതൽ ഇന്ത്യയിൽ ലഭിക്കില്ല.
Also Read: 6.35 ശതമാനം പലിശ ; ഗൂഗിൾ പേയിൽ ഇനി സ്ഥിര നിക്ഷേപവും
പുതിയ എഫ്‌ഡിഐ നിയമ പ്രകാരം വിദേശ കമ്പനികളുടെ കീഴിലുള്ള മാധ്യമ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ ഡിജിറ്റൽ കണ്ടന്‍റുകൾ പ്രസിദ്ധീകരിക്കാനാവില്ല. ഇപ്പോൾ യാഹു സെർച്ച് പേജിൽ 2021 ഓഗസ്റ്റ് 26 മുതൽ തങ്ങൾ കണ്ടന്‍റുകൾ പ്രസിദ്ധീകരിക്കുന്നില്ല എന്ന അറിയിപ്പ് കാണിച്ചിട്ടുണ്ട്. അതോടൊപ്പം ഇതുവരെ യാഹുവിനെ പിന്തുണച്ച എല്ലാ വായനക്കാർക്കും കമ്പനി നന്ദി അറിയിച്ചു.
പുതിയ നിയമം ഇന്ത്യയിലെ യാഹു മെയിൽ, യാഹു സെർച്ച് എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. അതേ സമയം news.yahoo.com അഥവ യാഹു ന്യൂസ് എന്ന വെബ്സൈറ്റ് ഇന്ത്യയിൽ ലഭിക്കും. യുഎസ് ടെക് കമ്പനിയായ വെരിസോണാണ് യാഹുവിന്‍റെ ഉടമകൾ. ഒക്ടോബറിൽ പ്രാബല്യത്തിൽ വരുന്ന പുതിയ എഫ്‌ഡിഐ നിയന്ത്രണങ്ങൾ അനുസരിച്ച് ഇന്ത്യയിലെ ഡിജിറ്റൽ മീഡിയ കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരത്തോടെ 26% വിദേശ നിക്ഷേപം സ്വീകരിക്കാം.