ന്യൂഡൽഹി: ദീപാവലി ഉത്സവത്തിന്‍റെ നാലാം ദിവസമായ ബലിപ്രതിപദ ദിനമായ ഇന്ന് ഇന്ത്യൻ ഓഹരി വിപണികൾക്ക് അവധി. വിദേശ നാണയ വിപണികൾ, കമ്മോഡിറ്റി ഫ്യൂച്ചർ മാർക്കറ്റുകൾ എന്നിവക്കും അവധിയാണ്.ബിഎസ്‌ഇ, എൻഎസ്‌ഇ എന്നിവ ചൊവ്വാഴ്ച മുതൽ വ്യാപാരം പുനരാരംഭിക്കും. വിക്രം സംവത് പുതുവത്സരം ആരംഭിക്കുന്നതിനാൽ മുംബൈ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ ഇന്ന് ബാങ്കുകൾക്ക് അവധിയാണ്.
സംവത് 2076 ന്‍റെ തുടക്കം ഇന്നലെ നേട്ടത്തിലാണ് ആരംഭിച്ചത്. സംവത് മുഹൂർത്ത വ്യാപാര സെഷനിൽ വിപണികൾ 0.5 ശതമാനം മുന്നേറി. ബിഎസ്‌ഇ 0.46 ശതമാനം അഥവാ 190.71 പോയിൻറ് കൂടി 39,248.77 എന്ന നിലയിലും, നിഫ്റ്റി 0.36 ശതമാനം അഥവാ 42.05 പോയിൻറ് ഉയർന്ന് 11,625.95 എന്ന നിലയിലുമാണ് ഇന്നലെ വ്യാപാരമവസാനിപ്പിച്ചത്.
അതേസമയം, ആഭ്യന്തര സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ മൂലധന വിപണികളിൽ ഒക്ടോബറിൽ 3,800 കോടി ഡോളറിന്‍റെ വിദേശ നിക്ഷേപം നടന്നു.