മുംബൈ : മ്യൂച്വൽ ഫണ്ടുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും മറ്റും ഒരു പൊതു പ്ലാറ്റ്‌ഫോം വികസിപ്പിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), മ്യൂച്വൽ ഫണ്ട് (എംഎഫ്) രജിസ്ട്രാർ, ട്രാൻസ്ഫർ ഏജന്‍റുമാര്‍ (ആർടിഎ) എന്നിവരോട് ആവശ്യപ്പെട്ടു.
കമ്പ്യൂട്ടർ ഏജ് മാനേജ്‌മെന്‍റ് സർവീസസ് ലിമിറ്റഡ് (ക്യാംസ്), കെഫിൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ രണ്ട് ആർടിഎകളാണ് ഉള്ളത്.
Also Read: വിപണിയിൽ സിൽവർ ഇടിഎഫുകൾ അവതരിപ്പിക്കാൻ സെബി
നിലവിൽ ഉപഭോക്താക്കൾ മ്യൂച്വൽ ഫണ്ടുകളുടെ വെബ്‌സൈറ്റുകൾ അല്ലെങ്കിൽ വിതരണക്കാരുടെയോ മറ്റും പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്. ഇപ്പോഴുള്ള നിക്ഷേപകർക്കും പുതുതായി എത്തുന്നവർക്കും പ്രയോജനപ്പെടുന്നതാകും ഏകീകൃത പ്ലാറ്റ്‌ഫോം.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇന്ത്യയുടെ നേതൃത്വത്തിൽ എല്ലാ മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാവുന്ന എംഎഫ് യൂട്ടിലിറ്റീസ് പ്ലാറ്റ്‌ഫോം ഇപ്പോഴുണ്ടെങ്കിലും നിക്ഷേപ സൗഹൃദമല്ല. പരിമിതമായ സേവനങ്ങൾ മാത്രമാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്നത്.
മ്യൂച്വൽ ഫണ്ട് ഹോൾഡിംഗുകൾ, അക്കൗണ്ടിന്‍റെ സ്റ്റാൻഡേർഡ് സ്റ്റേറ്റ്‌മെന്‍റ്, മൂലധന നേട്ടങ്ങൾ, നഷ്ടങ്ങൾ, ക്ലെയിം ചെയ്യാത്ത ഡിവിഡന്‍റ്, റിഡംപ്ഷൻ എന്നിവയുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ പുതിയ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.
ആർടിഎകൾ ഘട്ടംഘട്ടമായാകും പ്ലാറ്റ്‌ഫോം പ്രവർത്തനക്ഷമമാക്കുക. 2021 ഡിസംബർ 31 ഓടെ ഏകീകൃത പ്ലാറ്റ്‌ഫോം പൂർണമായും പ്രവർത്തനക്ഷമമാകും.
മൂന്ന് ഘട്ടങ്ങളിലായാണ് ഈ മാറ്റം നടപ്പിലാക്കുക. ഒന്നാം ഘട്ടത്തിൽ സാമ്പത്തികേതര സേവനങ്ങൾ ലഭ്യമാക്കും. രണ്ടാം ഘട്ടം മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കും. മൂന്നാം ഘട്ടത്തിൽ സാമ്പത്തിക ഇടപാടുകൾക്കും പ്ലാറ്റ്‌ഫോം സജ്ജമാകും.