പുതുച്ചേരി: പെട്രോളിന് നികുതി കുറച്ച് പുതുച്ചേരി സർക്കാർ. മൂല്യവർധിത നികുതിയിനത്തിൽ മൂന്ന് ശതമാനമാണ് സർക്കാർ കുറച്ചത്. നികുതി കുറച്ചതോടെ പുതുച്ചേരി, കാരക്കൽ മേഖലകളിൽ പെട്രോൾ വില ലിറ്ററിന് 2.43 രൂപ കുറയും. ഈ മാസം ആദ്യം തമിഴ്‌നാട് സർക്കാരും പെട്രോളിന് വിലകുറച്ചിരുന്നു.
Also Read: ചെറുകിട കച്ചവടക്കാർക്ക് രണ്ട് മിനിട്ടിൽ വായ്‌പ; പുതിയ പദ്ധതിയുമായി ഫ്ലിപ്‌കാർട്ട്
മൂന്ന് രൂപയാണ് തമിഴ്‌നാട് എക്‌സൈസ് നികുതി ഇനത്തിൽ പെട്രോളിന് കുറച്ചത്. തമിഴ്‌നാടിന് മുമ്പ് മറ്റു ചില സംസ്ഥാനങ്ങളും പെട്രോളിന് നികുതി കുറച്ചിരുന്നു. ഈ വർഷം ആദ്യം ഡീസലിന് 7.10 രൂപയും പെട്രോളിന് 7.40 രൂപയുമാണ് മേഘാലയ കുറച്ചത്.
രാജസ്ഥാൻ പെട്രോളിനും ഡീസലിനും മേലുള്ള മൂല്യവർധിത നികുതി രണ്ട് ശതമാനം കുറച്ചിരുന്നു. ഒരു രൂപ കുറച്ച് ബംഗാളും കൊവിഡ് ടാക്‌സായി ഏർപ്പെടുത്തിയ അഞ്ച് രൂപ എടുത്ത് കളഞ്ഞ് അസമും ഇന്ധന വില നിയന്ത്രിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് നാഗാലാൻഡ് പെട്രോളിന് 4.8 ശതമാനവും ഡീസലിന് ഒരു ശതമാനവും നികുതി കുറച്ചത്.
ഇന്ധന വില കുറയ്‌ക്കാൻ കേന്ദ്രം നികുതി ഇളവ് നൽകില്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ അടുത്തിടെ പറഞ്ഞത്. എക്‌സൈസ് നികുതി വർധിപ്പിച്ച വകയിൽ 2020-21 സാമ്പത്തിക വർഷം 3.35 ലക്ഷം കോടിയുടെ വരുമാനമാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. മുൻവർഷത്തെക്കാൾ 88 ശതമാനം കൂടുതലായിരുന്നു ഇത്. ഇന്ധന വില വർധനവിലൂടെ രാജ്യത്തെ എണ്ണക്കമ്പനികളും നേട്ടം കൊയ്യുകയാണ്.