മുംബൈ : വ്യാഴാഴ്‌ച ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 392.92 പോയിന്‍റ് അഥവാ 0.75 ശതമാനം ഉയർന്ന് 52699ൽ എത്തി. എൻഎസ്ഇ നിഫ്റ്റി 103.50 പോയിന്‍റ് ഉയർന്ന് 15790.45ൽ എത്തി. 0.66 ശതമാനത്തിന്‍റെ വർധനവാണ് നിഫ്റ്റിയിൽ ഉണ്ടായത്.
ഇൻഫോസിസും ടിസിഎസും ആണ് ഇന്ന് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത്. 3.73 ശതമാനം നേട്ടമാണ് ഇൻഫോസിസിന്‍റെ ഓഹരികൾക്കുണ്ടായത്. ഇൻഫോസിസ് ഓഹരികളുടെ തിരിച്ചുവാങ്ങൽ (buyback) നടപടികൾ ആരംഭിക്കാൻ ഒരു ദിവസം ശേഷിക്കെയാണ് മൂല്യത്തിൽ വൻ വർധനവ് ഉണ്ടായത്.
9,200 കോടി രൂപയുടെ ഓഹരികളാണ് കമ്പനി തിരിച്ചുവാങ്ങുന്നത്. ടിസിഎസ് ഓഹരികളുടെ മൂല്യം 3.44 ശതമാനം ഉയർന്നു. ടെക്ക് മഹീന്ദ്രയും(2.23) ജെഎസ്‌ഡബ്ല്യു സ്റ്റീലും (2.03) രണ്ട് ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കി.
Also Read: 75,000 കോടിയുടെ നിക്ഷേപം ; പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി
ഏറ്റവും അധികം നഷ്ടം നേരിട്ടത് റിലയൻസ് ഇൻഡസ്ട്രീസിന് ആണ്. 2.35 ശതമാനത്തിന്‍റെ ഇടിവാണ് റിലയൻസ് ഇന്ന് നേരിട്ടത്. ഇന്ന് തുടങ്ങിയ റിലയൻസിന്‍റെ വാർഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങൾ വിപണിയെ ആകർഷിച്ചില്ല.
സൗദി ആരാംകോയുമായുള്ള ബിസിനസ് പങ്കാളിത്തത്തിലെ വ്യക്തതയില്ലായ്‌മയും മൂല്യം ഇടിയാൻ കാരണമായതെന്ന് കരുതുന്നു. റിലയൻസിന് പിന്നാലെ കോൾ ഇന്ത്യ (-1.38), ഐഒസി(-128), അദാനി പോർട്ട്സ്(-1.22) ഒഎൻജിസി (-1.09) എന്നിവരുടെ ഓഹരികളും ഒരു ശതമാനത്തിന് താഴെ മൂല്യത്തകർച്ച നേരിട്ടു.