മുംബൈ: സ്റ്റാർട്ടപ്പുകൾക്കും ചെറുകിട വ്യവസായങ്ങൾക്കും വായ്‌പ നൽകാൻ സൊസൈറ്റി ഫോർ ഇന്നൊവേഷൻ ആൻഡ് എന്‍റർപ്രണർഷിപ്പ് (SINE), ഐഐടി ബോംബെ എന്നിവയുമായി സഹകരിക്കാൻ ഇന്ത്യൻ ബാങ്ക്. ഇതു സംബന്ധിച്ച ധാരണ പത്രം (MoU) ഇരു സ്ഥാപനങ്ങളുമായും ഇന്ത്യൻ ബാങ്ക് ഒപ്പ് വെച്ചു.
Also Read: ഇന്ത്യൻ ഓട്ടോ എക്സ്പോ 2022 മാറ്റിവച്ചു
ചെറുകിട മേഖലയ്‌ക്ക് സാങ്കേതിക സഹായം നൽകൽ, ഹൈ-എൻഡ് ടെക്നോളജി ഉല്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള സഹായം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളിൽ ബാങ്ക് ഇരു സ്ഥാപനങ്ങളുമായി സഹകരിക്കും. ധാരണാപത്രം അനുസരിച്ച് ഈ സ്ഥാപനങ്ങൾ (SINE, IIT- Bombay) യോഗ്യതയുള്ള സ്റ്റാർട്ടപ്പുകളുടെയും ചെറുകിട വ്യവസായങ്ങളുടെയും പട്ടിക തയ്യാറാക്കി ബാങ്കിന് റെഫർ ചെയ്യും.
ഈ പട്ടിക അനുസരിച്ചാകും ബാങ്ക് വായ്‌പ അനുവദിക്കുക. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും യന്ത്രങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനും ബാങ്ക് 50 കോടി രൂപ വരെ വായ്‌പ നൽകും. ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി "എംഎസ്എംഇ പ്രേരണ" എന്ന പദ്ധതി ബാങ്ക് ആരംഭിച്ചിരുന്നു.