രാവിലെ നഷ്ടത്തിൽ തുടങ്ങിയ ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ തിങ്കളാഴ്‌ച വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 230 പോയിന്‍റ് അഥവാ 0.44 ശതമാനം വർധിച്ച് 52,574 എന്ന നിലയിലെത്തി. നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ നിഫ്‌റ്റി സൂചിക 63 പോയിന്‍റ് അഥവാ 0.4 ശതമാനം ഉയർന്ന് 15,746 എന്ന് നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
Also Read: ചൈനയിലെ സാംസങ് ഡിസ്പ്ലേ നിർമാണ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റുന്നു
രാവിലെ ബിഎസ്ഇ 51,740 പോയിന്‍റിലും നിഫ്റ്റി 15,506ലും എത്തിയിരുന്നു. ബിഎസ്ഇ മിഡ് ക്യാപും സ്മോൾ ക്യാപും മികച്ച പ്രകടനമാണ് ഇന്ന് നടത്തിയത്. 0.8 ശതമാനം നേട്ടമാണ് ഇരു സൂചികകളിലും നേടിയത്.
സെൻട്രൽ ബാങ്കും ഇന്ത്യൻ ഓവർസീസ് ബാങ്കും സ്വകാര്യവത്കരിക്കും എന്ന വാർത്ത നിഫ്റ്റിയിൽ പൊതുമേഖല ബാങ്കുകൾക്ക് നേട്ടമായി. നിഫ്റ്റിയിൽ അദാനി പോർട്‌സ് 5 ശതമാനം നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ്,എൻടിപിസി, ടൈറ്റൻ, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവയും നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ കമ്പനികളാണ്.
നിഫ്റ്റി ഐടി സൂചിക 0.2 ശതമാനവും ഓട്ടോ സുചിക 0.36 ശതമാനവും നഷ്ടം നേരിട്ടു. അതേസമയം യുപിഎൽ ഓഹരികളാണ് എറ്റവും അധികം തകർച്ച (4%) നേരിട്ടത്. വിപ്രോ, ടിസിഎസ്, മാരുതി സുസുക്കി, ടെക്ക് മഹീന്ദ്ര തുടങ്ങിയ കമ്പനികളും നഷ്ടം നേരിട്ടു.