ന്യൂഡൽഹി: ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്ഡിഐ) ചട്ടങ്ങളിൽ കൂടുതൽ ഇളവ് ആവശ്യപ്പെട്ട് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ. ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനും 5 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിൽ പങ്കാളിയാകാൻ അമേരിക്കൻ കമ്പനികളെ സഹായിക്കുന്നതിന് എഫ്ഡിഐ ചട്ടങ്ങളിലെ ഇളവ് വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഏഴാം ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോടേ സംസാരിക്കുകയായിരുന്നു യുഎസ് ട്രഷറി സെക്രട്ടറി. 2024-25 ഓടെ അഞ്ച് ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം.
ഉഭയകക്ഷി ബന്ധം വളരുന്നതിന് രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തെ യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും യുഎസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം തുടരാൻ കഴിയുന്ന ചില വിപണികൾ തുറക്കാൻആഗ്രഹിക്കുന്നതായും മ്യുചിൻ പറഞ്ഞു.
2019 സെപ്റ്റംബറിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിനുശേഷം ഇന്ത്യ-യുഎസ് ബന്ധം എക്കാലത്തെയും ഉയർന്ന നിലയിലാണെന്ന് ധനമന്ത്രി സീതാരാമൻ അഭിപ്രായപ്പെട്ടു. വളർച്ച ഉയർത്തുന്നതിനും സാമ്പത്തിക വിപണി വികസനം മെച്ചപ്പെടുത്തുന്നതിനുമുള്ള മാക്രോ ഇക്കണോമിക് നയങ്ങൾ ഭീകരവാദത്തിന് ധനസഹായം നൽകൽ തടയൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് സുപ്രധാന നടപടികളെക്കുറിച്ച് ആലോചിക്കുകയും ചെയ്‌തതായി ധനമന്ത്രി പറഞ്ഞു.
ബാങ്കുകളുടെ മൂലധനവൽക്കരണവും സർക്കാർ ഉടമസ്ഥതയിലുള്ള ചില ബാങ്കുകളെ ലയിപ്പിക്കാനുള്ള പദ്ധതിയും ഉൾപ്പെടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന നയങ്ങളും ഇരു രാജ്യങ്ങളും ചർച്ച ചെയ്തായി ധനമന്ത്രി പറഞ്ഞു.
റോഡ് ഗതാഗത പ്രവേശനം പാകിസ്ഥാൻ നിരന്തരം നിഷേധിക്കുന്ന പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം നിലനിർത്തേണ്ട ആവശ്യകത അമേരിക്കയെ അറിയിച്ചതായും സീതാരാമൻ കൂട്ടിചേർത്തു.