അഹമ്മദാബാദ്: വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഊർജ്ജ മന്ത്രിമാരുടെ സമ്മേളനം കേന്ദ്ര വൈദ്യുതി, ഊർജ്ജ മന്ത്രി ആർ കെ സിങ് ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിനടുത്തുള്ള കെവാഡിയയിലാണ് സമ്മേളനം നടക്കുന്നത്.
വൈദ്യുതി ഉൽപാദന കമ്പനികളുടെ കുടിശിക തീർക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയ കേന്ദ്രമന്ത്രി ഇത് നിക്ഷേപം വർധിപ്പിക്കാൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. നിക്ഷേപ ദൗർലഭ്യമാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
വൈദ്യുതി, ഊർജ്ജം എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ ഊർജ്ജ മന്ത്രിമാർക്ക് പുറമെ സർക്കാർ സെക്രട്ടറിമാർ, വിവിധ സംസ്ഥാന ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും മാനേജിംഗ് ഡയറക്ടർമാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, എൻഎച്ച്പിസി തുടങ്ങിയവയുടെ ചെയർമാൻമാർഎന്നിവർ പങ്കെടുക്കുന്നുണ്ട്.
സൗരോർജ മേൽക്കൂര പദ്ധതികൾ, പുതിയ സൗരോർജ പാർക്കുകൾ സ്ഥാപിക്കുക, അൾട്രാ മെഗാ റിന്യൂവബിൾ എനർജി പാർക്കുകൾ സ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും