മുംബൈ: ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ ദ്വിമാസ ധനനയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021-22 ഏപ്രിൽ-ജൂൺ പാദത്തിൽ 26.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനനയ പ്രഖ്യാപനത്തിൽ ആർബിഐ പറഞ്ഞു. രാജ്യത്തിന്‍റെ റിയല്‍ ജിഡിപി വളർച്ച 2020-21ൽ (-) 8.0 ശതമാനത്തിൽ നിന്ന് 2021-22 ൽ 10.5 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 26.2 ശതമാനം, രണ്ടാം പാദത്തില്‍ 8.3 ശതമാനം, മൂന്നാമത്തേതില്‍ 5.4 ശതമാനം, നാലാമത്തേതില്‍ 6.2 ശതമാനം എന്നിങ്ങനെയാകും ജിഡിപി വളർച്ചാനിരക്ക്. റിസ്‌ക് സമതുലിതമാക്കിയതിന് ശേഷമുള്ള കണക്കാണിത്. രാജ്യത്തെ ഒരു സാമ്പത്തിക വർഷത്തെ മൊത്തം ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ തുകയായ ജിഡിപി കഴിഞ്ഞ വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ ഇതുവരെ ഉണ്ടാകാത്ത തരത്തിൽ 23.9 % ഇടിഞ്ഞിരുന്നു. തൊട്ട് അടുത്ത പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) 7.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യങ്ങൾ രാജ്യത്തെ സാങ്കേതികമായി മാന്ദ്യത്തിൽ എത്തിച്ചിരുന്നു.
തിരിച്ചുവരവിലെ അനിശ്ചിതത്വം
2021-22 കാലയളവിൽ രാജ്യം 10.5 % ശതമാനം വളർച്ച കൈവരിക്കുമെന്ന് പറയുമ്പോഴും ദുർബലമായ സമ്പദ് വ്യവസ്ഥയയിലെ റിസ്‌ക് ഫാക്ടറുകളും ആർബിഐ വിലയിരുത്തി. കൊവിഡിന്‍റെ കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം, തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ വന്ന വ്യതിയാനം, ക്രൂഡ് ഓയിലിന്‍റെ വിലയിലുണ്ടായ മാറ്റം, ആഗോള സാമ്പത്തിക വിപണിയിലെ അസ്ഥിരത തുടങ്ങിയ കാര്യങ്ങളൊക്കെ ജിഡിപി വളർച്ചയെ ബാധിക്കുന്ന ഘടകങ്ങൾ ആണ്. എന്നാൽ നിർമാണ, സേവന, അടിസ്ഥാന സൗകര്യ മേഖകളിലെ ഡിമാന്‍റ് ശുഭപ്രതീക്ഷയാണ് നൽകുന്നതെന്ന് ആർബിഐ പറഞ്ഞു. വീണ്ടും കൊവിഡ് വ്യാപനത്തിൽ ഉണ്ടായ വർധന ഉപഭോക്താക്കളുടെ വാങ്ങലുകളെ ബാധിച്ചിട്ടുണ്ട്.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്(എൻഎസ്ഒ) ഫെബ്രുവരിയിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ റിയല്‍ ജിഡിപിയിൽ 8.0% കുറവാണ് 2020-21 കാലയളവിൽ ഉണ്ടായത്. എന്നാൽ അന്താരാഷ്‌ട്ര നാണയ നിധി(ഐഎംഎഫ്) ചൊവ്വാഴ്‌ച പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യൻ സാമ്പത്തികരംഗം 2021ൽ 12.5 വളർച്ച നേടുമെന്നാണ് സൂചിപ്പിക്കുന്നത്. ചൈനയേക്കാളും വളർച്ചയാണ് ഇന്ത്യക്കുണ്ടാകുവുയെന്നാണ് ഐഎംഎഫിന്‍റെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനത്തിനിടയിലും പോസിറ്റീവ് വളർച്ച നിരക്ക് നിലനിർത്തിയ ഏക പ്രധാന സമ്പദ് വ്യവസ്ഥയാണ് ചൈന. 2022 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.9 ശതമാനം വളർച്ച നേടുമെന്നാണ് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ആഗോള ധനകാര്യ സ്ഥാപനം ലോക ബാങ്കുമായുള്ള വാർഷിക മീറ്റിംഗിന് മുന്നോടിയായുള്ള വാർഷിക ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നത്.
ദസറ-ദീപാവലി സീസണിൽ വിപണിയിൽ സാധനങ്ങളുടെ ആവശ്യകത വർധിച്ചപ്പോൾ ഒക്ടോബർ- ഡിസംബർ പാദത്തിൽ ജിഡിപി വളർച്ച നിരക്ക് പോസിറ്റീവിലേക്ക്(0.4%) തിരിച്ചെത്തിയിരുന്നു. എന്നിരുന്നാലും കൊവിഡ് വ്യാപനം രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ കാര്യമായ മാറ്റമുണ്ടാക്കിയില്ല. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും രാജ്യത്തെ കൊവിഡ് വ്യാപനം കൂടാൻ കാരണമായിട്ടുണ്ട്. രോഗ വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂകളും മൈക്രോ ലോക്ക് ഡൗണും ഏർപ്പെടുത്തി തുടങ്ങി. കൊവിഡിന്‍റെ കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം രാജ്യത്തിന്‍റെ വളർച്ചയിൽ നിർണായകമാവും.