ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഓഗസ്റ്റ് മാസത്തെ ധനനയം പ്രഖ്യാപിച്ചു. തുടർച്ചയായി ഏഴാം തവണയും റിപ്പോ നിരക്കിൽ മാറ്റമൊന്നും വരുത്തിയില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും.
Also Read: ട്രെയിനുകളിൽ വൈഫൈ; പദ്ധതി റെയിൽവേ ഉപേക്ഷിക്കുന്നു
3.35% ആണ് റിവേഴ്‌സ് റിപ്പോ നിരക്ക്. കൊവിഡിന്‍റെ രണ്ടാം തരംഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റുകയാണ് ലക്ഷ്യമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. അതുകൊണ്ട് ഇപ്പോഴത്തെ ധനനയത്തിൽ നിന്നുള്ള പിൻമാറ്റം സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ ബാധിക്കുമെന്നും ഗവർണർ പറഞ്ഞു.
ഈ സാമ്പത്തിക വർഷം രാജ്യത്തെ പണപ്പെരുപ്പം സംബന്ധിച്ച വിലയിരുത്തലും ആർബിഐ പുതുക്കി. 5.7 ശതമാനം ആയിരിക്കും പണപ്പെരുപ്പം എന്നാണ് പ്രവചനം. 5.1 ശതമാനം ആയിരിക്കും ഈ സാമ്പത്തിക വർഷത്തെ പണപ്പെരുപ്പമെന്നായിരുന്നു നേരത്തെ പ്രവചിച്ചത്.
ജി-സെക് അക്വിസിഷൻ പ്രോഗ്രാം വഴി ആർബിഐ ഓഗസ്റ്റ് 12, 26 തിയതികളിൽ 25,000 കോടിയുടെ വീതം ലേലം നടത്തും. ഈ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച പ്രവചനം 9.5 ശതമാനം ആയിരിക്കുമെന്നാണ് ഇത്തവണയും ആർബിഐയുടെ പ്രവചനം.