രാജ്യത്ത് ഡിജിറ്റൽ കറൻസിയുടെ ട്രയൽ ഡിസംബറോടെ ആരംഭിച്ചേക്കുമെന്ന് ആർബിഐ(റിസർവ് ബാങ്ക്) ഗവർണർ ശക്തികാന്ത ദാസ്. ഘട്ടംഘട്ടമായി രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആർബിഐ.
Read More: ഘട്ടം ഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് ആർബിഐ
ആഗോള തലത്തിൽ തന്നെ ഡിജിറ്റൽ കറൻസികൾ ഒരു പുതിയ കാര്യമാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ആർബിഐ വളരെ ശ്രദ്ധിച്ചാണ് മുന്നോട്ട് പോകുന്നത്. ആദ്യഘട്ട പരീക്ഷണങ്ങൾ തുടങ്ങാൻ ആർബിഐ തയ്യാറാവുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഡിജിറ്റൽ കറൻസിയുടെ സുരക്ഷ, ഇന്ത്യയുടെ സാമ്പത്തിക മേഖലയെ അത് എങ്ങനെ സ്വാധീനിക്കും, പണനയത്തെയും പേപ്പർ കറൻസിയെയും ഇത് എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങൾ ആർബിഐ പരിശോധിച്ചു വരുകയായിരുന്നു. ഇന്ത്യൻ രുപയുടെ ഡിജിറ്റൽ രൂപമായാകും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിസിഡി) അവതരിപ്പിക്കുക.
രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കും എന്ന് ആദ്യം അറിയിച്ചത് കഴിഞ്ഞ ജൂലൈയിൽ ഡെപ്യൂട്ടി ഗവർണർ ടിബി ശങ്കറാണ്. യൂറോപ്യൻ സെൻട്രൽ ബാങ്ക് ഡിജിറ്റൽ യൂറോയിലേക്ക് മാറുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. യൂറോപ്യൻ സെൻട്രൽ ബാങ്കും ഘട്ടം ഘട്ടമായാണ് ഡിജിറ്റൽ കറൻസിയിലേക്ക് മാറുന്നത്. ഈ ദശകത്തിന്‍റെ പകുതിയോടെ ഡിജിറ്റൽ കറൻസി നടപ്പാക്കുകയാണ് യൂറോപ്യൻ യൂണിയന്‍റെ ലക്ഷ്യം.