ന്യൂഡൽഹി : ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കേന്ദ്രത്തിന്‍റെ ധനക്കമ്മി 3.2 ലക്ഷം കോടി രൂപയായി. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
2021-22 സാമ്പത്തിക വർഷം ആകെ പ്രതീക്ഷിക്കുന്ന ധനക്കമ്മിയുടെ 21.3 ശതമാനമാണ് ഏപ്രിൽ- ജൂലൈ മാസം കൊണ്ടുണ്ടായത്. കഴിഞ്ഞ വർഷം ഇതേ സമയം 8.2 ലക്ഷം കോടിയായിരുന്നു ധനക്കമ്മി.
Also Read: ജിഡിപിയിൽ കുതിച്ചുചാട്ടം ; ആദ്യപാദത്തില്‍ 20.1 ശതമാനത്തിന്‍റെ വളർച്ച
ഏപ്രിൽ- ജൂലൈ കാലയളവിൽ കേന്ദ്രത്തിന്‍റെ റവന്യൂ കമ്മി 2 ലക്ഷം കോടി രൂപയാണ്. ഇത് ബജറ്റ് എസ്റ്റിമേറ്റിന്‍റെ 18 ശതമാനത്തോളം വരും. കഴിഞ്ഞ വർഷം റവന്യൂ കമ്മി ഇതേ കാലയളവിൽ ഏകദേശം 7.1 ലക്ഷം കോടി ആയിരുന്നു.
ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ നാലുമാസം 6.9 ലക്ഷം കോടിരൂപയാണ് കേന്ദ്രത്തിന്‍റെ ജിഎസ്‌ടി ഇനത്തിലെ മൊത്ത വരുമാനം. ഏപ്രിൽ- ജൂലൈ മാസത്തെ മൂലധന ചെലവ് 1.28 ലക്ഷം കോടിയിലെത്തി.
കേന്ദ്രത്തിന് ഈ വർഷത്തെ നികുതി പിരിവ് ലക്ഷ്യത്തിൽ എത്തിച്ചേരാനാകുമെന്ന് സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു. എന്നാൽ ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി സമാഹരിക്കുകയെന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇത് ധനക്കമ്മി വർധിപ്പിക്കും. കൂടാതെ പുതിയ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുകയും വാക്‌സിനേഷൻ ചെലവ് വർധിപ്പിക്കുകയും ചെയ്‌താൽ അതും ധനക്കമ്മിയെ ബാധിക്കും.