ന്യൂഡൽഹി: ജൂലൈയില്‍ രാജ്യത്തെ ജിഎസ്‌ടി ഇനത്തിൽ 1.16 ലക്ഷം കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചെന്ന ധനകാര്യ മന്ത്രാലയം. 2020 ജൂലൈയില്‍ ജിഎസ്‌ടി വരുമാനം 87,422 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 33 ശതമാനത്തിന്‍റെ വർധനവ് ആണ് ഉണ്ടായത്.
Also Read: ആൻഡ്രോയിഡിന്‍റെ പഴയ വേർഷനുകളിൽ ഗൂഗിൾ സേവനം അവസാനിപ്പിക്കുന്നു
2021 ജൂലൈയില്‍ ആകെ വരുമാനം 1,16,393 കോടി രൂപയാണ്. അതിൽ കേന്ദ്ര ജിഎസ്‌ടി 22,197 കോടിയും സംസ്ഥാന ജിഎസ്‌ടി 28,541 കോടി രൂപയും ആണ്. സംയോജിത ജിഎസ്‌ടി ഇനത്തിൽ 57,864 കോടി രൂപയും (ഇറക്കുമതിയിൽ നിന്നുള്ള 27,900 കോടി രൂപ ഉൾപ്പെടെ) സെസ് ഇനത്തിൽ 7790 കോടി (ഇറക്കുമതിയിൽ നിന്ന് 815 കോടി) ആണ് ലഭിച്ചത്.
ജിഎസ്‌ടി വരുമാനം തുടർച്ചയായി എട്ട് മാസം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞ ജൂണിൽ ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിക്ക് താഴെ പോയിരുന്നു. വീണ്ടും ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിൽ ആയത് സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്നതിന്‍റെ ലക്ഷണമാണെന്ന് ധനമന്ത്രാലയം പറഞ്ഞു. വരും മാസങ്ങളിൽ ജിഎസ്‌ടി വരുമാനം വർധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.