ന്യൂഡൽഹി: ഇഎസ്ഐസി (എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ) തയ്യാറാക്കിയ പുതിയ പേറോൾ ഡാറ്റ പ്രകാരം 2019 നവംബറിൽ ഇന്ത്യയിൽ 14.33 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെട്ടതായി റിപ്പോർട്ട്. തൊട്ട് മുൻപത്തെ മാസം ഇത് 12.60 ലക്ഷമായിരുന്നു. 2018-19 സാമ്പത്തിക വർഷത്തിൽ ഇഎസ്ഐസിയിൽ 1.49 കോടി പുതിയ അംഗങ്ങൾ ചേർന്നതായും നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്‌ഒ) റിപ്പോർട്ടിൽ പറയുന്നു.
ഇ.എസ്.ഐ.സി, റിട്ടയർമെന്‍റ് ഫണ്ട് ബോഡി ഇ.പി.എഫ്.ഒ, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്‍റ് ഡവലപ്മെന്‍റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) എന്നിവ നടത്തുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പുതിയ വരിക്കാരുടെ പേ റോൾ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് എൻഎസ്‌ഒ റിപ്പോർട്ട് .2018 ഏപ്രിൽ മുതൽ ഈ മൂന്ന് ബോഡികളുടെ ശമ്പള ഡാറ്റ അല്ലെങ്കിൽ പുതിയ സബ്‌സ്‌ക്രൈബർമാരുടെ ഡാറ്റ എൻഎസ്‌ഒ പുറത്തിറക്കുന്നു. സെപ്റ്റംബർ 2017 മുതൽ മാർച്ച് 2018 വരെയുള്ള കാലയളവിൽ ഇ.എസ്.ഐ.സിയിലെ പുതിയ എൻറോൾമെന്‍റുകൾ 83.35 ലക്ഷമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇപിഎഫ്ഒ 11.62 ലക്ഷം പുതിയ എൻറോൾമെന്‍റുകൾ 2019 നവംബറിൽ രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 6.47 ലക്ഷമായിരുന്നു. 2018-19ൽ, ഇപിഎഫ്ഒ നടത്തുന്ന സാമൂഹിക സുരക്ഷാ പദ്ധതികളിൽ 61.12 ലക്ഷം പുതിയ വരിക്കാർ ചേർന്നു. അതുപോലെ, 2017 സെപ്റ്റംബർ മുതൽ 2018 മാർച്ച് വരെ പുതിയ എൻറോൾമെന്‍റുകൾ 15.52 ലക്ഷമായിരുന്നു.
ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2017 സെപ്റ്റംബർ മുതൽ 2019 നവംബർ വരെ ഏകദേശം 3.03 കോടി പുതിയ വരിക്കാർ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് പദ്ധതിയിൽ ചേർന്നു.വരിക്കാരുടെ എണ്ണം വിവിധ സ്രോതസുകളിൽ നിന്നുള്ളതായതിനാൽ ഒരേ വിവരം ഒന്നിലധികം തവണ ഉപയോഗിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഔപചാരിക മേഖലയിലെ തൊഴിൽ നിലവാരത്തെക്കുറിച്ച് റിപ്പോർട്ട് വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ നൽകുന്നുണ്ടെന്നും എന്നാൽ തൊഴിൽ വിവരങ്ങളെ സമഗ്രമായി ഉൾക്കൊള്ളുന്ന റിപ്പോർട്ടല്ലെന്നും എൻഎസ്‌ഒ പറഞ്ഞു.