വാഷിംഗ്ടൺ: 2.1 ബില്യൺ യുഎസ് ഡോളറിന് ഫിറ്റ്ബിറ്റ് വാങ്ങാൻ ധാരണയായതായി ഇരു കമ്പനികളും വ്യക്തമാക്കി. ഫിറ്റ്നസ് ബാൻഡുകളെ ജനപ്രിയമാക്കിയ ആദ്യത്തെ കമ്പനിയാണ് ഫിറ്റ്ബിറ്റ്. എന്നാൽ സമീപ വർഷങ്ങളിൽ എതിരാളികളിൽ നിന്ന് കടുത്ത മൽസരം നേരിടുകയായിരുന്നു ഫിറ്റ്ബിറ്റ്. 2019 ന്‍റെ രണ്ടാം പാദത്തിൽ ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ മുൻനിര സ്മാർട്ട് വാച്ചുകളുടെ സർവേയിൽ ആഗോള വിപണിയിൽ ചൈനയുടെ ഷിയോമി ഒന്നും ആപ്പിൾ രണ്ടും സ്ഥാനത്തെത്തിയപ്പോൾ ഫിറ്റ്ബിറ്റ് നാലാം സ്ഥാനത്തായിരുന്നു. 2017 ൽ ഫിറ്റ്ബിറ്റ് സ്വന്തമായി സ്മാർട്ട് വാച്ച് അവതരിപ്പിച്ചുവെങ്കിലും ആപ്പിൾ വാച്ചിൽ നിന്ന് നേരിട്ട മൽസരം അതിജീവിക്കാനായില്ല.
ലോകമെമ്പാടുമുള്ള 28 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുടെ പിന്തുണയുള്ള വിശ്വസ്ത ബ്രാൻഡാണ് ഫിറ്റ്ബിറ്റ്. ആരോഗ്യകരവും കൂടുതൽ സജീവവുമായ ജീവിതം നയിക്കാൻ ഉപയോക്താക്കൾ ഫിറ്റ്ബിറ്റ് ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നെന്നും ഫിറ്റ്ബിറ്റ് സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജെയിംസ് പാർക്ക് പറഞ്ഞു. മികച്ച ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് എന്നിവ ഒരുമിക്കുന്ന സാങ്കേതിക വിദ്യ ലോകമെമ്പാടുമുള്ള കൂടുതൽ ആളുകളിലെത്തിക്കുന്നതിന് ഈ കരാർ സഹായകമാകുമെന്ന് ഗൂഗിൾ സീനിയർ വൈസ് പ്രസിഡന്‍റ് റിക്ക് ഓസ്റ്റർലോ പറഞ്ഞു.