ന്യൂഡൽഹി: ടെലികോം മേഖലയിൽ നിന്ന് സർക്കാരിലേക്കുള്ള വരുമാനം 2019 സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി വാർത്താ വിനിമയ മന്ത്രാലയം.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ( ട്രായ്) ലഭ്യമായ വിവരമനുസരിച്ച് ടെലികോം സേവന മേഖലയുടെ ക്രമീകരിച്ച മൊത്ത വരുമാനം 2018-19ൽ 1,44,681 കോടി രൂപയായിരുന്നുവെന്ന് വാർത്താവിനിമയ മന്ത്രാലയം രാജ്യസഭയിൽ രേഖാമൂലം നൽകി. 2017-18 ലെ 1,55,680 കോടി രൂപയിൽ നിന്ന് 7.06 ശതമാനം കുറവുണ്ടായി.
ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 2017-18ൽ 124.85 രൂപയിൽ നിന്ന് 2019 മാർച്ചിൽ 71.39 രൂപയായി കുറഞ്ഞു.
ടെലികോം മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ടെലികോം വകുപ്പും ടെലികോം സേവന ദാതാക്കളുമായി സമീപകാലത്ത് നിരവധി ചർച്ചകൾ നടത്തിയതായി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിമാരുടെ സമിതിയും ടെലികോം മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിച്ചു.