ന്യൂഡൽഹി: ഒഡീഷയിലെ സെൻട്രൽ ഇലക്ട്രിസിറ്റി സപ്ലൈ യൂട്ടിലിറ്റി ഓഫ് ഒഡീഷ (സി.ഇ.എസ്.യു) യിൽപ്പെടുന്ന അഞ്ച് സർക്കിളുകളിൽ വൈദ്യുതി വിതരണത്തിനും ചില്ലറ വിതരണത്തിനുമുള്ള ലൈസൻസ് ലഭിച്ചതായി ടാറ്റ പവർ അറിയിച്ചു.ഒഡീഷയിലെ സി.ഇ.എസ്.യു വൈദ്യുതി വിതരണം ഏറ്റെടുക്കുന്നതിനായി ഒഡീഷ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (ഒ.ഇ.ആർ.സി) ടാറ്റ പവർ കമ്പനി ലിമിറ്റഡിന് ലെറ്റർ ഓഫ് ഇൻഡന്‍റ് (എൽ.ഒ.ഐ) നൽകിയതായി കമ്പനി റെഗുലേറ്ററി ഫയലിങ്ങില്‍ അറിയിച്ചു.
ഭുവനേശ്വർ (ഇലക്ട്രിക്കൽ സർക്കിൾ - I, II), കട്ടക്ക്, പരദീപ്, ധെങ്കനാൽ എന്നീ മേഖലകളാണ് സി.ഇ.എസ്.യു ഉൾക്കൊള്ളുന്ന അഞ്ച് ഇലക്ട്രിക്കൽ സർക്കിളുകൾ. തുടക്കത്തിൽ 25 വർഷത്തേക്കാണ് ലൈസൻസ് വാഗ്‌ദാനം ചെയ്യുന്നത്. നിലവിൽ ടാറ്റാ പവർ മുംബൈ, ഡൽഹി, അജ്‌മീർ എന്നിവിടങ്ങളിലായി മൊത്തം 2.5 ദശലക്ഷം ഉപഭോക്താക്കളുണ്ട്. സി.ഇ.എസ്.യു ഏറ്റെടുക്കുന്നതോടെ അതിന്‍റെ ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാകുകയും അഞ്ച് ദശലക്ഷം ഉപഭോക്താക്കളിലെത്തിച്ചേരുകയും ചെയ്യും.
30,000 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന സി.ഇ.എസ്.യു 1.4 കോടിയിലധികം ജനസംഖ്യയെ ഉൾകൊള്ളുന്നതും 2.5 ദശലക്ഷം ഉപഭോക്തൃ അടിത്തറയുള്ളതുമാണ്. 2018 സാമ്പത്തിക വർഷം സി.എസ്.യുവിന്‍റെ ശരാശരി ആവശ്യകത 1,300 മെഗാവാട്ടും വാർഷിക ഇൻപുട്ട് എനർജി 8,400 എംയുവുമാണ്.
പൊതു സ്വകാര്യ പങ്കാളിത്തം (പി.പി.പി) വഴി വൈദ്യുതി വിതരണത്തിൽ കമ്പനിയെ മുന്നോട്ട് കൊണ്ടു പോകുന്നതിലാണ് ശ്രദ്ധയെന്നും ബിസിനസിലെ ഏറ്റവും പുതിയ പങ്കാളിത്തമാണ് സി.എസ്.യുമായുള്ള ഈ ബന്ധമെന്നും ടാറ്റ പവർ സി.ഇ.ഒയും എം.ഡിയുമായ പ്രവീർ സിൻഹ പറഞ്ഞു. ഡൽഹി, മുംബൈ, അജ്‌മീർ എന്നിവിടങ്ങളിലെ വൈദ്യുതി വിതരണത്തിൽ ഇതുവരെയുള്ള അനുഭവം ഉപയോഗിച്ച് 24x7 മണിക്കൂറും ഊർജ്ജവും ഉപഭോക്തൃ സേവനങ്ങളുമായി ഒറീസ വിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും ടാറ്റ പവർ പ്രസിഡന്‍റ് ടി & ഡി സഞ്ജയ് ബംഗ പറഞ്ഞു. അനുബന്ധ സ്ഥാപനങ്ങളും നിയന്ത്രിത സ്ഥാപനങ്ങളും ഉൾപ്പടെ 10,763 മെഗാവാട്ട് സ്ഥാപിത ശേഷി ഉള്ള ഒരു പ്രമുഖ ഊർജ്ജ കമ്പനിയാണ് ടാറ്റാ പവർ.