എറണാകുളം: ചെറുപ്രായത്തിൽ തന്നെ മത്സ്യക്കൃഷിയിലൂടെ ശ്രദ്ധേയരായിരിക്കുകയാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ എൽദോസ് രാജുവും എയ്ഞ്ചൽ രാജുവും. കൊവിഡ് കാലം ഫലപ്രദമായി വിനിയോഗിച്ച് അക്വാപോണിക്സ് കൃഷി രീതിയിലൂടെയാണ് ഈ കുട്ടിക്കർഷകർ ശ്രദ്ധ നേടിയത്.
ചെറുപ്പത്തില്‍ മത്സ്യകൃഷിയിൽ താൽപര്യമുണ്ടായിരുന്ന ഇവർ ഓൺലൈൻ പഠനത്തിന്‍റെ വിരസതയകറ്റാൻ വിപുലമായ മത്സ്യകൃഷിയാണ് ചെറുവട്ടൂരിന് സമീപമുള്ള വീട്ടുവളപ്പിൽ സജ്ജമാക്കിയത്. മക്കളുടെ ആഗ്രഹത്തിന് പൂർണ പിന്തുണ നൽകി കർഷകരായ മാതാപിതാക്കളും കൂടെയുണ്ട്.
ALSO READ:വിപണിയില്‍ വില കുതിയ്‌ക്കുന്നു; മൂന്നിലൊന്ന് തുക പോലും ലഭിക്കാതെ വട്ടവടയിലെ കര്‍ഷകര്‍
കുട്ടികളുടെ നിരന്തരമായ ആവശ്യപ്രകാരം പ്രധാനമന്ത്രിയുടെ മത്സ്യസമ്പാദ യോജന പദ്ധതി പ്രകാരം 10 മീറ്റർ നീളവും 5 മീറ്റർ വീതിയും 3 മീറ്റർ താഴ്ചയുമുള്ള കുളം നിർമിച്ച് 8000 തിലോപ്പിയക്കുഞ്ഞുങ്ങളെ ആറ് മാസം മുമ്പ് നിക്ഷേപിച്ചു. ഇതാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായത്. ദിവസവും രണ്ട് നേരം മത്സ്യത്തിന് ഭക്ഷണം നൽകുന്നതും ആഴ്ചയിലൊരിക്കൽ ബയോഫിൽറ്റർ ക്ലീൻ ചെയ്യുന്നതും, കറണ്ടിന്‍റെ കണ്ടീഷൻ പരിശോധിക്കുന്നതും എല്ലാം ഈ കുരുന്നു കർഷകർ ഒന്നിച്ചാണ്.
മത്സ്യത്തിന്‍റെ ഭക്ഷണമായ അസോളയും മറ്റു പായൽ സസ്യങ്ങളും വളർത്തുന്നതിനായി രണ്ട് കുളങ്ങൾ കൂടി അനുബന്ധമായി നിർമിച്ചിട്ടുണ്ട്. ദിവസേനയുള്ള മത്സ്യ പരിപാലനം വളരെയേറെ മാനസികോല്ലാസമാണ് നൽകുന്നതെന്ന് ഇവർ പറയുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ എൽദോസും ഏഴാം ക്ലാസ് വിദ്യാർഥിയായ എയ്ഞ്ചലും പഠനത്തിലും ഏറെ മുന്നിലാണ്.