മുംബൈ: ഖേൽരത്ന പുരസ്‌കാരത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് എടുത്ത് കളഞ്ഞത് വ്യാപക ചർച്ചയാകുമ്പോൾ പുതിയ പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ. രാജീവ് ഗാന്ധിയുടെ പേരിൽ ഇൻഫർമേഷൻ ടെക്നോളജി (ഐടി) മേഖലയിൽ പുതിയ പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് സർക്കാർ ചൊവ്വാഴ്‌ച അറിയിച്ചു.
Read More: ഇനി രാജീവ് ഗാന്ധി ഖേൽ രത്നയല്ല; പേര് മാറ്റി മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌നയായി
തീരുമാനം നേരത്തെ എടുത്തതാണെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഓഫിസിൽ നിന്ന് ഇപ്പോഴാണ് നടപടികൾ പൂർത്തിയായതെന്നും മഹാരാഷ്‌ട്ര ഐടി മന്ത്രി സതേജ് പാട്ടീൽ അറിയിച്ചു. ഐടി മേഖലയ്‌ക്ക് രാജീവ് ഗാന്ധി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന്‍റെ പേരിൽ പുരസ്‌കാരം നൽകുന്നതെന്നും സതേജ് പാട്ടീൽ വ്യക്തമാക്കി.
ഐടി മേഖലയിൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്ന സ്ഥാപനങ്ങൾക്കാണ് പുരസ്‌കാരം നൽകുക. എന്നാൽ പണം അടങ്ങുന്നതാണോ പുരസ്‌കാരം എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന്‍റെ ഐടി മേഖലയുടെ പുരോഗതിയിൽ വഹിച്ച പങ്ക് കണക്കിലെടുത്ത് ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവെന്നാണ് രാജീവ് ഗാന്ധിയെ വിശേഷിപ്പിക്കുന്നത്.