ലണ്ടന്‍, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നായി മസാല ബോണ്ടുകള്‍ വഴി 2150 കോടി കിഫ്ബി സമാഹരിച്ചു. രാജ്യത്തിന്‍റെ സ്വന്തം കറൻസിയിൽ തന്നെ വിദേശവിപണിയിൽ ഇറക്കുന്ന ബോണ്ടുകളാണ് മസാല ബോണ്ടുകള്‍.
രാജ്യത്ത് ആദ്യമായാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വിദേശ വിപണിയില്‍ നിന്ന് ഇത്തരത്തില്‍ പണം സമാഹരിക്കുന്നത്. 9.25 ശതമാനം പലിശനിരക്കില്‍ 2024ല്‍ പണം മടക്കി നല്‍കണമെന്നാണ് വ്യവസ്ഥ. ഇതോടെ കിഫ്ബി വഴി സമാഹരിച്ച തുക 7527 കോടിയായി. വായ്പയായി ലഭിച്ച 2400 കോടി കൂടിയാകുമ്പോള്‍ മൊത്തം തുക 9,927 കോടിയായി ഉയരും. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ നിക്ഷേപിക്കാന്‍ വമ്പന്‍ കമ്പനികളടക്കം താല്‍പര്യം പ്രകടിപ്പിട്ടുണ്ട്. ബോണ്ട് വില്‍പനയുടെ കാലാവധി ഉയര്‍ത്താനും കിഫ്ബി ആലോചിക്കുന്നു.
2600 കോടി രൂപയാണ് ബോണ്ട് വില്പനയിലൂടെ മാത്രം കിഫ്ബി ലക്ഷ്യമിടുന്നത്. 2016ല്‍ ആണ് മസാല ബോണ്ട് വഴിയുള്ള തുക സമാഹാരത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്നത്. ഇത് നിലവില്‍ വന്നതിന് ശേഷമുള്ള വലിയ മൂന്നാമത്തെ സമാഹരമാണ് കിഫ്ബി സ്വന്തമാക്കിയത്. മികച്ച റേറ്റിംഗോടെ ആഗോള വിപണിയില്‍ നിന്ന് ഇത്രയും വലിയ തുക സമാഹരിക്കാനായത് കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വളര്‍ച്ചക്ക് പുത്തന്‍ ഉണര്‍വാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.