ബെംഗളൂരു : ചെറുകിട സംരംഭകർക്കായി പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്‌കാർട്ട്.
ഷോപ്‌സി എന്ന പേരിൽ തുടങ്ങിയ പുതിയ സംരംഭത്തിൽ വ്യക്തികൾക്ക് സൗജന്യമായി ഓണ്‍ലൈൻ ബിസിനസ് തുടങ്ങാം. ആപ്ലിക്കേഷനിൽ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്‌ത ശേഷം ഷോപ്‌സി ഉപയോഗിക്കാം.
Also Read: 'നിരത്തില്‍' മാത്രമല്ല 'ആകാശത്തും' ഇന്ധന വില കൂട്ടി കേന്ദ്രം ; 30% വര്‍ധന
ചെറുകിട സംരംഭകർക്ക് ഫ്ലിപ്‌കാർട്ടിൽ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്ന വസ്‌തുക്കൾ സൗജന്യമായി മാർക്കറ്റ് ചെയ്യാം എന്നതാണ് ഷോപ്‌സിയുടെ പ്രത്യേകത.
ഫ്ലിപ്‌കാർട്ടിൽ ലഭ്യമായ ഉത്പന്നങ്ങൾ സംബന്ധിച്ച് വാട്ട്സ് ആപ്പ് ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഷെയർ ചെയ്യാനുള്ള സൗകര്യമാണ് ഷോപ്‌സി നൽകുന്നത്.
ഉത്പന്നങ്ങൾ വാങ്ങുമ്പോൾ അത് ഷെയർ ചെയ്‌ത ആൾക്ക് കമ്മിഷനും ലഭിക്കും. 2023ഓടെ ഡിജിറ്റൽ വ്യാപാര മേഖലയിലേക്ക് 25 ദശലക്ഷത്തിലധികം സംരംഭകരെ എത്തിക്കാനാണ് ഫ്ലിപ്‌കാർട്ട് ലക്ഷ്യമിടുന്നത്.
ലക്ഷ്യം സാധാരണക്കാർ
വാൾമാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്‌കാർട്ടിന് ഇന്ത്യയിൽ വലിയ വളർച്ചയാണ്. എന്നാൽ വിശ്വാസ്യത ഇ-കൊമേഴ്‌സ് വ്യാപാരത്തിൽ വലിയ ഘടകമാണെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്‍റ് പ്രകാശ് സികാരിയ പറയുന്നു.
ചെറുകിട സംരംഭകർ തങ്ങളുടെ ഉത്പന്നങ്ങൾ പരിചയക്കാർക്ക് ഷെയർ ചെയ്യുന്നതിലൂടെയും അല്ലെങ്കിൽ ഒരിക്കൽ ഉപയോഗിച്ച ഉത്പന്നം മറ്റൊരാൾക്ക് നിർദേശിക്കുന്നതിലൂടെ വിശ്വാസ്യതയും വ്യാപാരവും വളർത്തുകയാണ് ലക്ഷ്യം.
സംരംഭകരെ കൂടാതെ സാധാരണക്കാരെക്കൂടി ആകർഷിക്കാനാണ് ഉത്പന്നത്തിന് കമ്മിഷൻ എന്ന വാഗ്‌ദാനവും കമ്പനി മുന്നോട്ടുവയ്ക്കുന്നത്. സാധാരണക്കാരെ ആകർഷിക്കാനായി വീട്ടിലിരുന്ന് മാസം 30,000 രൂപവരെ സമ്പാദിക്കാം എന്ന രീതിയിലാണ് ഷോപ്‌സിയെ അവതരിപ്പിക്കുന്നത്.
ഇത്തരത്തിൽ ഓണ്‍ലൈൻ ഷോപ്പിങ്ങിലേക്ക് എത്താൻ മടിച്ചുനിൽക്കുന്ന ഇന്ത്യയിലെ ചെറു നഗരങ്ങളിലെ ഉപഭോക്താക്കളെ ആകർഷിക്കാമെന്നാണ് ഫ്ലിപ്‌കാർട്ട് കരുതുന്നത്.
ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങലൂടെ ഉത്പന്നങ്ങൾ നിർദശിച്ച് വില്‍പ്പന വർധിപ്പിക്കാനാണ് കമ്പനി ദ്ധതിയിടുന്നത്.