ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അടുത്ത മാസം ചോദ്യം ചെയ്യുന്നതിനായി എയർ ഏഷ്യ എയർലൈൻസിലെ സിഇഒ ടോണി ഫെർണാണ്ടസ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥര്‍ക്ക് സമൻസ് അയച്ചിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരില്‍ ചിലരോട് ഈ മാസം ഹാജരാകാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചിലർ ഹാജരാകാതിരുന്നതിനാലും അധിക സമയം ആവശ്യപ്പെട്ടതിനാലുമാണ് പുതിയ തിയതികൾ നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫെബ്രുവരി അഞ്ചിന് ഹാജരാകാനാണ് ടോണി ഫെര്‍ണാണ്ടസിന് നിര്‍ദേശം നല്‍കിയിരുന്നത്. മലേഷ്യ ആസ്ഥാനമായുള്ള എയർ ഏഷ്യ സിഇഒ ബെർഹാദ് ബോ ലിംഗത്തോട് ഫെബ്രുവരി മൂന്നിനും എയർ ഏഷ്യ ഇന്ത്യ ലിമിറ്റഡ് ബെംഗളൂരു മുൻ സിഇഒ ആർ വെങ്കട്ടരാമനോട് ഫെബ്രുവരി 10നും ഹാജരാകാനാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ഉത്തരവ്. പിഎംഎൽഎ പ്രകാരമാണ് എൻഫോഴ്‌സ്‌മെന്‍റ് സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും അവരുടെ പ്രസ്‌താവന രേഖപ്പെടുത്തുകയും ചെയ്യും. 2018 മെയ് മാസത്തിലാണ് എയർലൈനും ഉദ്യോഗസ്ഥർക്കും എതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പിഎംഎൽഎ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) പ്രകാരവും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഈ കേസ് അന്വേഷിക്കുന്നുണ്ട്.