ന്യൂഡൽഹി: ഭാരതി എയർടെല്ലിനെ കരിമ്പട്ടികയിൽപ്പെടുത്തി വാണിജ്യ മന്ത്രാലയം. കയറ്റുമതി പ്രമോഷൻ പദ്ധതി പ്രകാരം കയറ്റുമതി ബാധ്യത നിറവേറ്റാത്തതിനാലാണ് നടപടി. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്‌ടി) ആണ് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇതോടെ ഡിജിഎഫ്‌ടിയിൽനിന്ന് കമ്പനിക്ക് കയറ്റുമതി ആനുകൂല്യമോ ലൈസൻസോ ലഭിക്കുകയില്ല. 2018 ഏപ്രിൽ മുതൽ അത്തരം ആവശ്യകതകളില്ലാത്തതിനാൽ കമ്പനി ലൈസൻസുകളൊന്നും എടുത്തിട്ടില്ലെന്ന് എയർടെൽ വൃത്തങ്ങൾ അറിയിച്ചു. മുൻകാലത്തെ എല്ലാ ലൈസൻസുകളും റദ്ദാക്കുന്നതിന് കമ്പനി ഇതിനോടകം അപേക്ഷിക്കുകയും അധികാരികളുടെ അംഗീകാരത്തിനായി കാത്തിരിക്കുകയും ചെയ്യുകയാണെന്നും അറിയിച്ചു.