കൊൽക്കത്ത: വാഹന മേഖലയിലെ മാന്ദ്യം ജിഎസ്‌ടി നഷ്‌ടപരിഹാര സെസ് ഫണ്ടിനെ പ്രതികൂലമായി ബാധിച്ചുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദി. ജിഎസ്‌ടി മൂലം ഉണ്ടാകുന്ന വരുമാനക്കുറവിന് നഷ്‌ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകുന്നതാണ് ജിഎസ്‌ടി നഷ്‌ടപരിഹാര സെസ് ഫണ്ട്. സാമ്പത്തിക മാന്ദ്യം, പ്രത്യേകിച്ച് വാഹന മേഖലയിലെ മാന്ദ്യം, ജിഎസ്‌ടി വരുമാനം കുറയുന്നതിലേക്ക് നയിക്കുകയാണെന്ന് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സിന്‍റെ അധ്യക്ഷൻ കൂടിയായ സുശീൽ കുമാര്‍ മോദി പറഞ്ഞു. ജിഎസ്‌ടി നഷ്‌ട പരിഹാര ഫണ്ടിൽ വാഹനമേഖലയാണ് പ്രധാന പങ്കുവഹിക്കുന്നതെന്നും 'ഇന്ത്യ ടുഡേ കോൺക്ലേവ് ഈസ്റ്റില്‍' സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബർ പതിനെട്ടിന് നടക്കാനിരിക്കുന്ന അടുത്ത ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. പ്രതീക്ഷിച്ചതിലും താഴെയുള്ള ജിഎസ്‌ടി വരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ജിഎസ്‌ടി കൗൺസിലിന്‍റെ യോഗം നടക്കുന്നത്. ജിഎസ്‌ടി നഷ്‌ട പരിഹാര ഫണ്ടിലുള്ള പണം ചില അക്കൗണ്ടിങ് പ്രശ്‌നങ്ങൾ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്നും സുശീൽ കുമാര്‍ മോദി പറഞ്ഞു.