ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ എഫ്ഡിഐ നയത്തിൽ വരുത്തിയ മാറ്റങ്ങൾ ഇ-കൊമേഴ്സ് കമ്പനികളെ ബാധിച്ചു തുടങ്ങി. പുതിയ ഇ-ടെയ്ൽ നയം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ആമസോണും വാൾമാർട്ടും വിപണി മൂല്യത്തിൽ 50 ബില്യൾ ഡോളറിലധികം സംയോജിത നഷ്ടം നേരിട്ടു.
ഇന്ത്യയിൽ അഞ്ച് ബില്യൺ ഡോളറിന്‍റെ നിക്ഷേപമാണ് ആമസോൺ വാഗ്ദാനം നൽകിയിട്ടുള്ളത്. ആഭ്യന്തര ഇ-കൊമോഴ്സ് കമ്പനിയായ ഫ്ളിപ്പ്കാർട്ടിന്‍റെ ഓഹരികൾ സ്വന്തമാക്കുന്നതിനായി 16 ബില്യൺ ഡോളർ വാൾമാർട്ടും കഴിഞ്ഞ വർഷം ചെലവഴിച്ചിരുന്നു.
പുതിയ എഫ്ഡിഐ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതോടെ വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ നാസ്ഡാക്ക് ലിസ്റ്റഡ് കമ്പനിയായ ആമസോണിന്‍റെ ഓഹരിവില 5.38 ശതമാനം ഇടിഞ്ഞ് 1626.23 ഡോളറായി.
45.22 ബില്യൺ ഡോളറിന്‍റെ നഷ്ടമാണ് ഇത് കമ്പനിയുടെ വിപണി മൂല്യത്തിൽ ഉണ്ടാക്കിയത്. വാൾമാർട്ട് ഓഹരി വില 2.06 ശതമാനം ഇടിഞ്ഞ് 93.86 ഡോളറായി. കമ്പനിയുടെ വിപണി മൂല്യത്തിൽ 5.7 ബില്യൺ ഡോളറിന്‍റെ നഷ്ടമാണുണ്ടായത്.