ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ രണ്ടാം ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മല സീതാരാമന്‍റെ രണ്ടാമത് ബജറ്റ് അവതരണമാണിത്. ഇന്ദിര ഗാന്ധിക്ക് ശേഷം സ്വതന്ത്ര ഇന്ത്യയില്‍ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വനിതയാണ് നിര്‍മ്മല സീതാരാമന്‍. 2021ല്‍ ആവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റാണിത്.രാവിലെ 11 മണി മുതല്‍ ലോക്സഭയില്‍ ബജറ്റ് പ്രസംഗം നടക്കും. 90 മുതല്‍ 120 മിനുട്ട് വരെയാകും ബജറ്റ് പ്രസംഗം നടക്കുക.
സാമ്പത്തിക മാന്ദ്യം മറികടക്കാൻ 102 ലക്ഷം കോടി രൂപയുടെ പദ്ധതികൾ കേന്ദ്രം കഴിഞ്ഞ ബജറ്റിന് ശേഷം പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ തുടര്‍ പദ്ധതികൾ ഇത്തവണ പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത് . സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനുള്ള മാർഗങ്ങള്‍, തൊഴിലില്ലായ്മ പരിഹരിക്കാനും, കാര്‍ഷിക, വ്യവസായിക, ബാങ്കിംഗ് മേഖലകളെ ശക്തിപ്പെടുത്താനുമുള്ള പ്രഖ്യാപനങ്ങള്‍ എന്നിവ ഇന്നത്തെ ബജറ്റിലുണ്ടാകും. മധ്യവർഗത്തെ ആകര്‍ഷിക്കാൻ ആദായനികുതി ഇളവുകളും പ്രതീക്ഷിക്കാം. എയിംസ് ഉൾപ്പടെയുള്ള പ്രതീക്ഷകളാണ് ബജറ്റിൽ കേരളത്തിനുള്ളത്. ശബരിമല-അങ്കമാലി പാത ഉൾപ്പടെ റെയിൽവെ മേഖലയിൽ നിരവധി പ്രതീക്ഷകളും കേരളത്തിനുണ്ട്.
ഏറെ പ്രാധാന്യം നിറഞ്ഞതാണ് ഇന്ന് സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റ്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ ദിവസം അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് എങ്ങനെ മറികടക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനം ജിഡിപി വളര്‍ച്ച മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്.
ബജറ്റിന് മുന്നോടിയായി 2019-20 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികളും ബജറ്റിന്‍റെ രൂപരേഖയും തുറന്നു കാട്ടുന്നതായിരുന്നു സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യനാണ് സർവേ പുറത്തുവിട്ടത്.
മുൻകാല വരുമാനവും ചെലവും, വരാനിരിക്കുന്ന വർഷത്തേക്കുള്ള ചെലവുകളും സാമ്പത്തിക പ്രവചനങ്ങളും വിശദീകരിക്കുന്ന സർക്കാരിന്‍റെ സാമ്പത്തിക പ്രസ്താവനയാണ് കേന്ദ്ര ബജറ്റ്. 2019ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ ബജറ്റ് കഴിഞ്ഞ ജൂലൈയിലാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്. 2016 വരെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത് ഫെബ്രുവരി അവസാന വാരത്തിലായിരുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ വന്നശേഷമാണ് ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത്. 2017ല്‍ മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഈ തീരുമാനം മാറ്റിയത്.