ന്യൂഡല്‍ഹി: കുടിവെള്ള വിതരണ പദ്ധതിക്കായി 5300 കോടി രൂപയാണ് അയല്‍ സംസ്ഥാനമായ കർണാടകയ്ക്ക് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കർണാടകയ്ക്ക് ഇത്രയും വലിയ തുക അനുവദിച്ചത് ഇലക്ഷൻ സ്റ്റണ്ട് ആണെന്ന ആരോപണം ഇതിനകം ഉയർന്നുകഴിഞ്ഞു. എന്നാല്‍ വിവിധ റെയില്‍ പദ്ധതികളുടെ വികസനം, എയിംസ്, സില്‍വർ ലൈൻ അടക്കം വർഷങ്ങളായി കേരളം ആവശ്യപ്പെടുന്ന ഒരു പദ്ധതിക്കും തുക അനുവദിക്കാതെയും കേരളത്തിന്‍റെ പേര് പരാമർശിക്കാതെയുമാണ് നിർമല സീതാരാമൻ ബജറ്റ് അവതരണം നടത്തിയത്.
എയിംസും സില്‍വർ ലൈനുമില്ല: സില്‍വർ ലൈൻ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാല്‍ നിർമല സീതാരാമന് കത്ത് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൂചന. അതിനേക്കാളേറെ കേരളം വർഷങ്ങളായി ആവശ്യപ്പെടുന്ന എയിംസിനും ഇത്തവണ അനുമതി ലഭിച്ചില്ല. കോഴിക്കോട് കിനാലൂരില്‍ സ്ഥലം കണ്ടെത്തി കേന്ദ്ര അനുമതിക്കായി കേരളം കാത്തിരിക്കുകയാണ്. കഞ്ചിക്കോട്, നേമം, ചേർത്തല എന്നിവിടങ്ങളിലെ റെയില്‍ പദ്ധതികളുടെ വികസനം, കൂടുതല്‍ ട്രെയിനുകൾ എന്നിവയെല്ലാം കേരളം ബജറ്റ് പ്രഖ്യാപനങ്ങളുടെ തുടർച്ചയായി പ്രതീക്ഷിച്ചിരുന്നു.
ഫാക്‌ട് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ നവീകരണത്തിനായി ഫണ്ട് അനുവദിക്കുന്നത്, കൊവിഡ് പ്രതിസന്ധിയില്‍ മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രത്യേക പദ്ധതി, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ വർധന, കശുവണ്ടി അടക്കമുള്ള തോട്ടവിളകളുടെ സബ്‌സിഡി, ജിഎസ്‌ടി നഷ്‌ടപരിഹാര വിഹിതത്തിന്‍റെ വർധന, ക്ഷേമപെൻഷനുകളിലെ വിഹിതം വർധിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേരളത്തിന് പുതിയ പദ്ധതികൾ അനുവദിക്കാതെയും പദ്ധതി വിഹിതം വർധിപ്പിക്കാതെയുമുള്ള ബജറ്റ് പ്രഖ്യാപനമാണ് ഉണ്ടായതെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ ആരോപിക്കുന്നത്.
പക്ഷേ പ്രതീക്ഷയുണ്ട്: റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കിയിരുപ്പായ 2.40 ലക്ഷം കോടിയിലും ആഭ്യന്തര ടൂറിസത്തിന് ബജറ്റ് നല്‍കുന്ന പ്രോത്സാഹനത്തിലും ചെറുകിട വ്യവസായങ്ങൾക്ക് പ്രഖ്യാപിച്ച നികുതിയിളവും കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന കാര്യങ്ങളാണ്. അതിനൊപ്പം രാജ്യമാകെ പ്രഖ്യാപിച്ച 50 വിമാനത്താവളങ്ങൾ ഹെലിപ്പാഡുകൾ എന്നിവയിലും കേരളത്തിന് പ്രതീക്ഷയുണ്ട്. ആദായ നികുതിയില്‍ പ്രഖ്യാപിച്ച ഇളവുകൾ കേരളത്തിലെ മധ്യവർഗം സ്വാഗതം ചെയ്യുമെന്നുറപ്പാണ്.