പത്തനംതിട്ട: കാലവർഷം ദുർബ്ബലമായതോടെ ശബരിഗിരി ജല വൈദ്യുത പദ്ധതിയിലെ വൈദ്യുത ഉല്‍പ്പാദനം പ്രതിസന്ധിയിലാക്കുന്നു. ശബരിഗിരിയുടെ പ്രധാന ജല സ്രോതസായ പമ്പാ ഡാമിൽ എട്ട് ശതമാനം മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് ഡാമുകൾ വറ്റിവരളാൻ കാരണമായത്. ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണിയായ കക്കി ഡാമിലും നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്.
മറ്റ് സംഭരണികളായ ആനത്തോട് ഡാമും മൂഴിയാർ ഡാമും വറ്റി വരണ്ട അവസ്ഥയിലാണ്. മണിയാർ ഡാമിൽ 35 മീറ്ററാണ് സംഭരണ ശേഷി എന്നാൽ നിലവിൽ 33 മീറ്റർ വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ ദിവസം കക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ 26 മില്ലീമീറ്ററും പമ്പയിൽ 39 മില്ലീമീറ്ററും മഴ ലഭിച്ചു. അടുത്ത ഒരാഴ്ച്ചക്കകം ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള വൈദ്യുതോത്പ്പാദനം നിലക്കുന്ന സാഹചര്യമാണുള്ളത്.