മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിന്‍റെ വല നിറച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്‍റെ വിജയം. കൗമാര താരം മേസണ്‍ ഗ്രീന്‍വുഡ് ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ റാഷ്ഫോര്‍ഡ്, ആന്‍റണി മാര്‍ഷ്യല്‍, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഓരോ ഗോള്‍ വീതം സ്വന്തമാക്കി.
ആദ്യപകുതിയിലെ 29-ാം മിനിട്ടിലും രണ്ടാം പകുതിയിലെ 54-ാം മിനിട്ടിലുമായിരുന്നു ഗ്രീന്‍വുഡിന്‍റെ ഗോളുകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഭാവി പ്രതീക്ഷയാണ് ഗ്രീന്‍വുഡ്. ഇംഗ്ലീഷ് താരം ഗ്രീന്‍വുഡ് നിലവില്‍ അന്താരാഷ്‌ട്ര തലത്തില്‍ അണ്ടര്‍ 21 ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ബേണ്‍മൗത്തിനെതിരായ മത്സരത്തില്‍ 35-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ റാഷ്ഫോര്‍ഡ് ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ആന്‍റണി മാര്‍ഷ്യല്‍ ആദ്യപകുതിയിലെ അധിക സമയത്തും ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ടാം പകുതിയിലെ 59-ാം മിനിട്ടിലും ഗോളുകള്‍ സ്വന്തമാക്കി.
ബേണ്‍ മൗത്തിന് വേണ്ടി ജൂനിയര്‍ സ്റ്റാനിസ്ലാസ് ആദ്യ പകുതിയിലെ 16-ാം മിനിട്ടില്‍ ഗോളടിച്ചപ്പോള്‍ 49-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ജോഷ്വ കിങും സന്ദര്‍ശകര്‍ക്കായി യുണൈറ്റഡിന്‍റെ വല കുലുക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 55 പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ജൂലായ് 10ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയാണ് യുണൈറ്റഡിന്‍റെ എതിരാളികള്‍. അതേസമയം തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ബേണ്‍മൗത്തിന് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. നിലവില്‍ 33 മത്സരങ്ങളില്‍ നിന്നും 27 പോയിന്‍റുമായി 19-ാം സ്ഥാനത്താണ് ബേണ്‍ മൗത്ത്. ശേഷിക്കുന്ന ജയമുറപ്പാക്കി മുന്നേറാനാകും ബേണ്‍മൗത്തിന്‍റെ ശ്രമം. ലീഗില്‍ ഇനി അഞ്ച് മത്സരങ്ങളാണ് ക്ലബിന് ബാക്കിയുള്ളത്. അടുത്ത മത്സരം ടോട്ടനവുമായാണ്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായതിനാല്‍ കനത്ത പോരാട്ടമാകും ബേണ്‍മൗത്തിന് നേരിടേണ്ടി വരിക.