ആലപ്പുഴ: സ്‌കൂൾ വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ വിൽക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് റേഞ്ച് ഓഫീസ് ആലപ്പുഴ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ചേർന്ന് കമ്പൈൻഡ് റെയ്‌ഡ് നടത്തി. സ്‌കൂളുകളിൽ നിന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങൾ, പരാതികൾ എന്നിവയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ താലൂക്കിലെ കാട്ടൂർ, തുമ്പോളി, മംഗലം ഭാഗങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. റെയ്‌ഡിൽ അനധികൃതമായി വിൽപനയ്ക്ക് സൂക്ഷിച്ചിരുന്ന 6 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ വിവിധ കടകളിൽ നിന്ന് പിടിച്ചെടുത്തു. 4200 രൂപ കടയുടമകളില്‍ നിന്ന് പിഴ ഈടാക്കി.
കുട്ടികൾക്ക് പുകയില ഉത്പന്നങ്ങളോ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളോ നൽകുകയോ, നൽകാൻ കാരണമാവുകയോ, വിൽക്കുകയോ ചെയ്യുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 77, 78 വകുപ്പുകൾ പ്രകാരം 7 വർഷം വരെ കഠിന തടവും ഒരുലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന ജാമ്യം ഇല്ലാത്ത കുറ്റമാണെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു. കുട്ടികൾക്ക് പുകയില ഉത്പന്നങ്ങളോ മറ്റ് ലഹരി വസ്തുക്കളോ നൽകുകയോ വിൽക്കുകയോ ചെയ്യുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ 9400069498, 04772230183 എന്നീ നമ്പരുകളിൽ നൽകാവുന്നതാണ്.