രാഹുല്‍ഗാന്ധിയുടെ പത്രിക സമര്‍പ്പണത്തോടനുബന്ധിച്ച് വയനാട്ടില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ തിരികെ പോകുന്നതു വരെ കൈനാട്ടി ബൈപാസ് ജംഗ്ഷന്‍ മുതല്‍ ഗൂഡലായി ജംഗ്ഷന്‍ വരെ ഒരു വാഹനവും കടത്തി വിടില്ല. ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അനുവദിക്കില്ല. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെ തമരശ്ശേരി ചുരത്തിലേക്ക് ചരക്ക് വാഹനങ്ങള്‍ കടത്തി വിടില്ല.
മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍വനമേഖലയില്‍ കഴിഞ്ഞ തണ്ടര്‍ ബോള്‍ട്ടും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തി . കര്‍ണാടക-തമിഴ്നാട് ഭാഗങ്ങളിൽ അവിടുത്തെ സേനകളും ജാഗ്രതയിലാണ്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേപ്പാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, വൈത്തിരി, തലപ്പുഴ, തിരുനെല്ലി, തൊണ്ടര്‍നാട് പൊലീസ് സ്‌റ്റേഷനുകളില്‍ ആന്റി നക്‌സല്‍ സ്‌ക്വാഡിനെ നിയോഗിച്ചു. രാജ്യത്തെ എല്ലാ പ്രധാന സുരക്ഷാ ഏജന്‍സികളും വയനാട്ടില്‍ എത്തിയിട്ടുണ്ട്. ഇരുപതിലധികം എസ്‌പിജി സംഘാംഗങ്ങളുണ്ട്. ഇതിന് പുറമേ കണ്ണൂര്‍ റേഞ്ച് ഐജി സുരേഷ്‌കുമാര്‍, നാല് ജില്ലകളിലെ ജില്ലാ പൊലീസ് മേധാവികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.