കഴിഞ്ഞ രണ്ട് മാസത്തിനിടെ തലശേരിയില്‍ വിവിധ ബോംബ് സ്ഫോടനങ്ങളില്‍ പരിക്കേറ്റത് നാലോളം പേര്‍ക്ക്. ഫെബ്രുവരി 28ന് തലശേരി നഗരത്തിലെ ചന്ദ്രവിലാസം ഹോട്ടലിന് മുൻവശത്തുള്ള മൈതാനത്ത് നടന്ന സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റപ്പോള്‍ ഇന്നലെ രാവിലെ ഇടത്തിലമ്പത്ത് നടന്ന സ്ഫോടനത്തില്‍ നടുവത്തൂർ സ്വദേശി മനോജ് എന്നയാള്‍ക്കും പരിക്കേറ്റു.
കൊല്ലം പള്ളിമുക്ക് സ്വദേശി സക്കീർ, കോഴിക്കോട് കുറ്റ്യാടി കടയങ്ങാട് കരിക്കുളത്തിൽ വീട്ടിൽ പ്രവീണ്, കുറ്റ്യാടി വേളം പുളുക്കുൽ താഴെ പുളിയിൽ കണ്ടിയിൽ റഫീഖ് എന്നിവർക്കാണ് ഫെബ്രുവരി 28നുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റത്. ഇതില്‍ പ്രവീണിന്‍റെ മൂക്കിന്റെ വലതുഭാഗം അറ്റുപോയിരുന്നു. മറ്റു രണ്ടു പേർക്കും കൈക്കും കാലിനും പരിക്കേറ്റു. ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തെക്കിലും തുടരന്വേഷണമുണ്ടായിരുന്നില്ല. ഇത്തരം സംഭവങ്ങളിൽ പൊലീസ് അന്വേഷണം പലപ്പോഴും പതിവഴിയില്‍ ഉപേക്ഷിക്കാറാണ് പതിവെന്ന ആരോപണം ശക്തമാണ്.