കോഴിക്കോട്: സാങ്കേതിക കുരുക്കിൽ കുടുങ്ങി 18വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷന്‍. ബുധനാഴ്ച നാല് മണിക്ക് പ്രവർത്തനം തുടങ്ങിയതിന് പിന്നാലെയാണ് 'കൊവിൻ പോർട്ടൽ' പണിമുടക്കിയത്. വെബ്സൈറ്റ് ലഭ്യമായി തുടങ്ങിയെങ്കിലും ഒടിപി ലഭിക്കാത്തതിനാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ആരോഗ്യസേതു ആപ്പ് വഴിയും രജിസ്‌ട്രേഷന്‍ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
കൊവിൻ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, ആരോഗ്യ സേതു ആപ്പ് തുടങ്ങിയവയിലൂടെയാണ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കുക. നേരത്തെ 45 വയസിന് മുകളിലുള്ളവരുടെ രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് തന്നെ ഇതിനെ പറ്റി പരാതി ഉയർന്നിരുന്നു. അതേസമയം പ്രശ്നങ്ങള്‍ പരിഹരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also Read: സ്വകാര്യ ആശുപത്രികൾ വാക്‌സിൻ നിർമാതാക്കളില്‍ നിന്നും നേരിട്ട് വാങ്ങണമെന്ന് സർക്കാർ
അതിനിടെ രണ്ടാം ഘട്ട വാക്സിനേഷൻ്റെ കാര്യത്തിലും സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. ആദ്യ ഡോസ് എടുത്തവർ നാല് ആഴ്ച കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ രണ്ടാം ഡോസ് എടുക്കണം എന്നാണ് വാക്സിൻ നിർമ്മാതാക്കൾ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാൽ ഒന്നാം ഘട്ടം തന്നെ കൃത്യമായി നടക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും മാധ്യമ പ്രവർത്തകരും ഏപ്രിൽ 30ന് മുമ്പ് രണ്ടാം ഡോസ് കുത്തിവെയ്ക്കണം എന്നാണ് നേരത്തെ വന്ന ഉത്തരവ്.
Also Read: കോഴിക്കോട് കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനമൊരുക്കി ആശുപത്രികൾ
സംസ്ഥാനത്തെ വാക്സിനേഷൻ പദ്ധതിക്കായി ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകിയെങ്കിലും അത് എന്ന് എപ്പോൾ നടപ്പിലാകും എന്നതിലും വ്യക്തതയില്ല. 70 ലക്ഷം ഡോസ് കൊവിഷിൽഡ് വാക്സിനും മുപ്പത് ലക്ഷം കൊവാക്സിനും വാങ്ങാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. രണ്ടാം ഘട്ട വാക്സിനേഷന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് സർക്കാർ പറയുമ്പോഴും കാര്യങ്ങള്‍ താളം തെറ്റിയ അവസ്ഥയിലാണ്.