അബുജ: വടക്കുകിഴക്കൻ നൈജീരിയയിലെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ബൊക്കോ ഹറാമിന് നൈജീരിയൻ പ്രസിഡിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം യുഎൻ സഹായ ഹെലികോപ്റ്ററിന് നേരെ ഇസ്ലാമിക തീവ്രവാദികൾ വെടിയുതിർത്തിരുന്നു. സംഭവത്തിൽ രണ്ട് സിവിലിയന്മാർ മരിച്ചു. യുഎൻ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെയുള്ള നിരപരാധികളായ സിവിലിയന്മാരെ വധിക്കുന്നത് നിരാശാജനകമാണെന്നും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പ്രസിഡന്‍റ് മുഹമ്മദു ബുഹാരി പറഞ്ഞു. ബൊക്കോ ഹറാമിന്‍റെ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇരകളിൽ അഞ്ചു വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു.
അതേസമയം സിവിലിയന്മാരെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ യുഎൻ ഹ്യൂമാനിറ്റേറിയൻ എയർ സർവീസ് അനിവാര്യമാണെന്ന് യുഎൻ മനുഷ്യാവകാശ കോർഡിനേറ്റർ എഡ്വേർഡ് കലോൺ പറഞ്ഞു. വടക്കുകിഴക്കൻ നൈജീരിയയിൽ നടന്ന ജിഹാദി അക്രമത്തിൽ ഏകദേശം 1.9 ദശലക്ഷം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടതായും മൂന്ന് ദശലക്ഷം ആളുകൾ പട്ടിണി നേരിടുന്നതായും യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് പറയുന്നു.