കണ്ണൂര്‍: മധ്യവേനലവധിക്കാലത്തെ മധുരിക്കും ഓർമകൾ പങ്കുവെക്കാൻ നാട്ടുമാവിൻ ചുവട്ടിലൊത്തുകൂടി വിദ്യാർഥികൾ. കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കന്‍ററി സ്കൂൾ വിദ്യാർഥികളാണ് മാമ്പഴ സദ്യയുണ്ണാൻ മാവിൻ ചുവട്ടില്‍ ഒത്തുചേർന്നത്.
സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ആണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. 'നാട്ടു മാവിൻ ചുവട്ടിൽ മാമ്പഴ സന്ധ്യ' എന്ന പേരിലാണ് സ്കൂളിനടുത്ത് പാലാഴി പടിഞ്ഞാറേ പറമ്പിൽ പരിപാടി നടന്നത്. മുൻ മന്ത്രി കെ പി മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ സംസ്കൃതിയെ തിരിച്ചുകൊണ്ടുവരുന്നതിനും പഴയ മാമ്പഴക്കാലത്തിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതിനും വേണ്ടിയായിരുന്നു വിദ്യാർഥികൾ നാട്ടുമാവിൻ ചുവട്ടിൽ ഒത്തുചേർന്നത്. തോട്ടത്തിലെ വിവിധതരം മാങ്ങകൾ ശേഖരിച്ചും വ്യത്യസ്തമായ രുചിഭേദങ്ങൾ ആസ്വദിച്ചുമായിരുന്നു കുട്ടികളുടെ ഒത്തുചേരല്‍. പരിപാടിക്ക് മാറ്റുകൂട്ടാൻ നാടൻ പാട്ടിന്‍റെ ഈണവും കൂട്ടിനുണ്ടായിരുന്നു.
ചെനയൻ, പുളിയൻ, കടുക്കാച്ചി, കല്ലുപപ്പായ ചെറുകാട്ട് മാങ്ങാ തുടങ്ങി മുപ്പതോളം ഇനം മാങ്ങകളാണ് കുട്ടികൾ ശേഖരിച്ചത്. ഓരോ മാങ്ങളുടെയും ഔഷധ ഗുണങ്ങളെപ്പറ്റി മുതിർന്നവർ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സ്കൂൾ പരിസ്ഥിതി ക്ലബ് അംഗങ്ങളും പൂർവ്വവിദ്യാർഥികളും ആണ് വ്യത്യസ്തമായ പരിപാടികളിൽ പങ്കാളികളായത്.