ന്യൂഡൽഹി: രാജ്യത്ത് കൊവിഡിനൊപ്പം ഭീതിപരത്തുന്ന ബ്ലാക്ക് ഫംഗസ് കേസുകളുടെ പശ്ചാത്തലത്തിൽ രോഗികളെ രക്ഷിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു . രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ വളരെ അധികം വർധിക്കുന്നുണ്ടെന്നും അതിനാൽ രോഗികൾക്ക് ആവശ്യമായ ചികിത്സ സൗജന്യമായി നൽകണമെന്നും സോണിയ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു . നിലവിൽ ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സ ആയുഷ്മാൻ ഭാരതിന്റെ കീഴിലോ മറ്റേതെങ്കിലും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലോ ഉൾപ്പെടുത്തിയിട്ടില്ലെന്നും കത്തിൽ പറയുന്നു.
സംസ്ഥാനങ്ങളോട് ബ്ലാക്ക് ഫംഗസ് രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ പറഞ്ഞ കേന്ദ്രം ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ഉൽപാദനവും വിതരണവും ഉറപ്പ് വരുത്തണം. മ്യൂക്കോർമൈക്കോസിസ് ചികിത്സക്കായി ലിപോസോമൽ ആംഫോട്ടെറിസിൻ-ബി മരുന്ന് തികച്ചും അനിവാര്യമാണെന്ന് താൻ മനസ്സിലാക്കുന്നു. വിപണിയിൽ ഈ മരുന്നിന് രൂക്ഷമായ ക്ഷാമവും നേരിടുന്നുണ്ടെന്നും സോണിയ ഗാന്ധി കത്തിൽ പറഞ്ഞു.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ആന്റിഫംഗൽ മരുന്നുകളുടെ കുറവ് സംബന്ധിച്ച് നിരവധി സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് പരാതിപ്പെട്ടതിനെ ശേഷമാണ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് നൽകുന്നത്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് മരുന്ന് അനുവദിച്ചിട്ടുണ്ടെങ്കിലും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ വിതരണം പര്യാപ്തമല്ലെന്നും സോണിയ ഗാന്ധി കത്തിൽ പറഞ്ഞിട്ടുണ്ട്.
Also read: കൊവിഡിന്‍റെ ഇന്ത്യൻ വകഭേദത്തെ മോദിക്ക് ഭയമെന്ന് കമൽ നാഥ്