റാഫേല്‍ ഇടപാടില്‍ പുന:പരിശോധനാ ഹര്‍ജിക്കൊപ്പം പുതിയ രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് തെളിവായി പരിഗണിക്കരുതെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സമര്‍പ്പിച്ചത് രഹസ്യരേഖയല്ലെന്നും അവ നേരത്തേ പ്രസിദ്ധീകരിക്കപ്പെട്ടതാണെന്നും ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ വാദിച്ചു. റഫാല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയില്‍ കേള്‍ക്കവേയാണ് പുതിയ രേഖകള്‍ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പുന:പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി പിന്നീട് അറിയിക്കും.
റാഫേല്‍ ഇടപാടില്‍ സത്യം പുറത്ത് വരുമെന്നും സുപ്രീംകോടതി നിയമതത്വം ഉയര്‍ത്തിപ്പിടിച്ചെന്നും കോണ്‍ഗ്രസ്. അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ സമയമായെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.