ഇസ്ലാമാബാദ്: ലോകത്തെ ഞെട്ടിച്ച തീവ്രവാദിയും അല്‍ ഖ്വയ്ദ തലവനുമായിരുന്ന ഉസാമ ബിന്‍ ലാദനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ട ലാദന്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നുവെന്ന് പറഞ്ഞത്. 'ഷഹീദ് (രക്തസാക്ഷി)' എന്നാണ് ഇമ്രാന്‍ ഖാന്‍ ദേശീയ അസംബ്ലിയില്‍ ബിന്‍ ലാദനെ കുറിച്ച് പറഞ്ഞത്.
2011 മേയ് 1 ന് പാകിസ്ഥാനില്‍ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന ലാദനെ അമേരിക്കന്‍ സൈന്യം വധിക്കുകയായിരുന്നു.
'അമേരിക്കക്കാര്‍ അബോട്ടാബാദില്‍ എത്തി ലാദനെ കൊന്നു. രക്തസാക്ഷിയാക്കി. ലോകം മുഴവന്‍ ഞങ്ങളെ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്കുള്ള സുരക്ഷിത താവളമാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. ഒരു സുഹൃത്ത് രാജ്യം നമ്മെ പോലും അറിയിക്കാതെ രാജ്യത്ത് വന്ന് ഒരാളെ കൊന്നു' ഇമ്രാൻ കൂട്ടിച്ചേർത്തു. ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. ലാദനെ രക്തസാക്ഷിയെന്ന് ഇമ്രാന്‍ ഖാന്‍ അഭിസംബോധന ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
2001ല്‍ അമേരിക്കകെതിരെ നടത്തിയ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഒസാമ ബിന്‍ ലാദനായിരുന്നു. അമേരിക്കയുടെ നേവി സീലുകളും സിഐഎയും ഉള്‍പ്പെട്ട 79 അംഗ കമാന്‍ഡോ സംഘം നാല് ഹെലിക്കോപ്റ്ററുകളിലായി ഇറങ്ങിയാണ് ആക്രമണം നടത്തിയത്. ‘ഓപ്പറേഷന്‍ ജെറോനിമോ’ എന്നായിരുന്നു ഈ രഹസ്യ ദൗത്യത്തിന്റെ പേര്. പിന്നീട് ‘ഓപ്പറേഷന്‍ നെപ്റ്റിയൂണ്‍ സ്റ്റാര്‍’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ലാദന്റെ നേതൃത്വത്തില്‍ അമേരിക്കയുടെ അഞ്ച് വിമാനങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ആദ്യമായല്ല ഇമ്രാന്‍ ഖാന്‍ ലാദനെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യുഎസ് പര്യടനത്തിനിടെ അബോട്ടാബാദിൽ ഒസാമ ബിൻ ലാദന്‍റെ സാന്നിധ്യത്തെക്കുറിച്ച് അമേരിക്കൻ സുരക്ഷാ ഏജൻസികളെ പാകിസ്ഥാന്‍ അറിയിച്ചിരുന്നു. പാകിസ്ഥാനെ പൂർണ്ണമായും ഇരുട്ടിൽ നിർത്തുന്ന തരത്തില്‍ ബിൻ ലാദനെ വധിക്കാൻ യുഎസ് രഹസ്യമായി ഓപ്പറേഷൻ നടത്തരുതെന്ന് ഇമ്രാന്‍ ഖാന്‍ അന്ന് ആവശ്യപ്പെട്ടു.