ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായെങ്കിലും പാർട്ടി നേതാവില്ലാതെ കോൺഗ്രസ്. അര ദശാബ്ദത്തിലേറെ ഇന്ത്യ ഭരിച്ച കോൺഗ്രസ് ആദ്യമായാണ് പാർട്ടി നേതാവില്ലാതെ പാർലമെന്‍റ് സമ്മേളത്തിന് എത്തുന്നത്. ലോക്സഭയിലെ മുഖ്യപ്രതിപക്ഷ പാർട്ടി എന്ന നിലയില്‍ കോൺഗ്രസിന് സഭാ നേതാവില്ലാത്തത് പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെയും ബാധിക്കും.

കോൺഗ്രസിന് ഏറ്റവും കൂടുതല്‍ എംപിമാരെ സമ്മാനിച്ച കേരള നേതൃത്വത്തിനും ഇക്കാര്യത്തില്‍ വ്യക്തതയില്ല. കോൺഗ്രസ് ദേശീയ നേതൃത്വത്തില്‍ ആശയക്കുഴപ്പം തുടരുമ്പോഴും സഭാ സമ്മേളനം തുടങ്ങിയ സാഹചര്യത്തില്‍ പാർലമെന്‍ററി പാർട്ടി നേതാവിനെ നിശ്ചയിക്കുന്നത് നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല. പാർട്ടി അധ്യക്ഷൻ പാർലമെന്‍ററി പാർട്ടി നേതാവാകുന്ന പതിവ് കോൺഗ്രസില്‍ ഇല്ല. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ഇനിയും മനസ് തുറക്കാത്തതാണ് കോൺഗ്രസിനെ വിഷമത്തിലാക്കുന്നത്. അധിർ രഞ്ജൻ ചൗധരി, കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് നിലവില്‍ ലോക്സഭയില്‍ കോൺഗ്രസിന്‍റെ മുതിർന്ന അംഗങ്ങൾ.


ഇതിനു പുറമേ ശശി തരൂർ, മനീഷ് തിവാരി എന്നിവരും പാർലമെന്‍റില്‍ കോൺഗ്രസിന്‍റെ ദേശീയ മുഖങ്ങളാണ്. ബിജെപിക്കും നരേന്ദ്രമോദിക്കും എതിരെ പാർലമെന്‍റില്‍ ശക്തമായ പോരാട്ടം നയിക്കണമെങ്കില്‍ ഭാഷാ പ്രാവീണ്യവും നേതൃപാടവവും പ്രകടമാക്കണം. ശശി തരൂരും മനീഷ് തിവാരിയും ഭാഷാ സ്വാധീനം ഉപയോഗിച്ച് ലോക്സഭയില്‍ മികവ് തെളിയിച്ചവരാണ്. രാഹുല്‍ ഗാന്ധി മൗനം തുടരുന്ന സാഹചര്യത്തില്‍ പാർലമെന്‍ററി പാർട്ടി നേതൃ സ്ഥാനം കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.
