തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വായ്പയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ബാങ്ക് അധികൃതർ പൊലീസിന് സമർപ്പിക്കും. നേരത്തെ വായ്പ സംബന്ധിച്ച രേഖകൾ ഹാജരാകണമെന്ന് പൊലീസ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമേ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയും രേഖപ്പെടുത്തും.
നെയ്യാറ്റിൻകര മാരായമുട്ടത്ത് കഴിഞ്ഞ ആഴ്ചയാണ് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ലേഖ, ഇവരുടെ മകൾ വൈഷ്ണവി എന്നിവരാണ് മരിച്ചത്. ആത്മഹത്യ ചെയ്തതിന് പിന്നിൽ ബാങ്കിൽ നിന്നുണ്ടായ ജപ്തി ഭീഷണിയും കാരണമായി എന്ന് ആദ്യം ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കാനറാ ബാങ്കിനോട് പൊലീസ് റിപ്പോർട്ട് തേടിയത്. വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കുടുംബത്തെ വിളിച്ച ബാങ്ക് ഉദ്യോഗസ്ഥരോട് ഹാജരാകാനും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം ഉദ്യോഗസ്ഥർ ഇവരെ വിളിച്ചില്ല എന്നാണ് ബാങ്ക് നൽകുന്ന വിശദീകരണം. എന്നാൽ വീടും സ്ഥലവും വിൽക്കാൻ ഇടനില നിന്ന ആളുമായി ബാങ്ക് ബന്ധപ്പെട്ടിരുന്നു. ഇടപാടിൽ പുരോഗതി ഉണ്ടോ എന്ന് അറിയാനാണ് ഇതെന്ന് ബാങ്ക് വിശദീകരിക്കുന്നു. അതേസമയം, ബാങ്കിന്റെ നെയ്യാറ്റിൻകര ബ്രാഞ്ച് മാനേജർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. അതെ സമയം, റിമാൻഡിൽ കഴിയുന്ന ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ഭർതൃമാതാവ് കൃഷ്ണമ്മ, സഹോദരി ഭർത്താവ് കാശിനാഥൻ എന്നിവരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും.