ഹെവി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനായി നൂതന സാങ്കേതികവിദ്യാ പരിശോധന കേന്ദ്രം കോഴിക്കോട് സജ്ജമായി. ചേവായൂരിലെ ആർടിഒ ടെസ്റ്റിംഗ് ഗ്രൗണ്ടിലാണ് ഉദ്ഘാടനത്തിനായി തയ്യാറായ ഓട്ടോമേറ്റഡ് ഹെവി പരിശോധന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ഹെവി വാഹനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി പരിശോധനയ്ക്ക് എത്തുമ്പോള് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ നന്നേ പാടുപെട്ടാണ് വാഹനത്തിന്‍റെ പരിശോധന പൂർത്തിയാക്കിയിരുന്നത്. അപകട സാധ്യത ഏറെയുള്ള ഇത്തരം പരിശോധനകൾ ഇനി പഴങ്കഥയായി മാറും. ആധുനിക രീതിയിലുള്ള ഓട്ടോമേറ്റഡ് ഹെവി ടെസ്റ്റിംഗ് സംവിധാനം കോഴിക്കോട് ആർടിഒയുടെ കീഴിലെ ചേവായൂർ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ തയ്യാറായിക്കഴിഞ്ഞു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സ്പീഡ് ഗവർണറിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ സാധിക്കുമെന്ന് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ കെ ദിലീപ് കുമാർ പറഞ്ഞു.
ഇതോടൊപ്പം ഹെഡ്ലൈറ്റ് പ്രവർത്തനം, ബ്രേക്ക് എന്നിവയും അതി സൂക്ഷ്മമായി പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓട്ടോമേറ്റഡ് സംവിധാനം വരുന്നതോടെ നിലവിലുള്ള വാഹനപരിശോധന തിരക്കിന് ശാശ്വതമായ പരിഹാരമാകുമെന്നാണ് മോട്ടോർവാഹനവകുപ്പും കണക്കുകൂട്ടുന്നത്.