ന്യൂഡല്‍ഹി: കൊവിഡി 19 ലോക്ക് ഡൗണ്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ലോക്ക് ഡൗണ്‍ കാലം കായിക താരങ്ങള്‍ക്ക് ഗുണം ചെയ്യുന്നതോടെപ്പം ദോഷവും ചെയ്യുമെന്ന് വിലയിരുത്തുകയായിരുന്നു ഷമി. മഹാമാരി ഒരു വശത്ത് കായിക താരങ്ങളുടെ താളം തെറ്റിക്കുമ്പോള്‍ മറുവശത്ത് ശാരീരിക ക്ഷമത വീണ്ടെടുക്കാനും അവസരം ഒരുക്കുന്നു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിറയെ മത്സരങ്ങളുമായി മുന്നോട്ട് പോയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ശാരീരിക ക്ഷമത വീണ്ടെടുക്കാനും പുത്തന്‍ ഉണര്‍വിനും ഈ അവധി സഹായിച്ചു. മറുവശത്ത് ശാരീരിക ക്ഷമത വീണ്ടെടുക്കുമ്പോള്‍ പരിശീലനത്തിന്‍റെ അഭാവം കളിക്കളത്തിലെ താളം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടാക്കുന്നു.
സഹതാരങ്ങള്‍ മെട്രോ നഗരങ്ങളില്‍ പരിശീലനം നടത്താന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ഷമിയുടെ പരാമര്‍ശം. നിലവില്‍ ലോക്ക് ഡൗണ്‍ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി മെട്രോ നഗരത്തില്‍ നിന്നും മാറി ഉത്തര്‍പ്രദേശിലെ കുടുംബവീട്ടില്‍ കഴിയുന്ന ഷമി കൃത്യമായി പരിശീലനം നടത്തുന്നു. വീടിനോട് ചേര്‍ന്ന് നെറ്റില്‍ പരിശീലനം നടത്താന്‍ ഉള്‍പ്പെടെ സൗകര്യമുണ്ട്.
ബിസിസിഐ ക്യാമ്പ് തുടങ്ങുമ്പോള്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നതിന്‍റെ മുന്‍തൂക്കം ലഭിക്കുമെന്നാണ് ഷമി കരുതുന്നത്. പുതിയ ബോളില്‍ ഉമിനീര്‍ പുരട്ടാതെ ബൗളിങ് പരിശീലനം നടത്താനുള്ള ഒരുക്കത്തിലാണ് ഷമി. ഇത് പിന്നീട് ഗുണം ചെയ്യമെന്ന നിഗമനത്തിലാണ് താരം. ഐസസിയുടെ ഉമിനീര്‍ വിലക്കിന്‍റെ പശ്ചാത്തലത്തിലാണ് മുഹമ്മദ് ഷമിയുടെ നീക്കം.