ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ സിപിഎം കള്ളവോട്ട് ചെയ്തുവെന്ന യുഡിഎഫ് നേതാക്കളുടെ ആരോപണത്തിൽ തെളിവെടുപ്പ് നടന്നു. വരണാധികാരിയായ ജില്ലാ കലക്ടർ എസ് സുഹാസിന്‍റെ ചേംബറിലായിരുന്നു തെളിവെടുപ്പ് നടന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ വോട്ടുകള്‍ എൽഡിഎഫ് പ്രവർത്തകർ രേഖപ്പെടുത്തിയെന്നായിരുന്നു യുഡിഎഫിന്‍റെ പരാതി.
സ്ഥലത്തില്ലാത്ത നിരവധി പേരുടെ രേഖകൾ ഉപയോഗിച്ച് എൽഡിഎഫ് പ്രവർത്തകർ കള്ളവോട്ട് നടത്തിയതായി പരാതിക്കാരനായ കെപിസിസി സെക്രട്ടറി ശ്രീകുമാർ മൊഴി നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന സതീഷ് എന്ന വോട്ടറിന്‍റെ പേരില്‍ മാവേലിക്കരയിലെ 66-ാം നമ്പര്‍ ബൂത്തില്‍ സിപിഎം കള്ളവോട്ട് ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. കള്ളവോട്ട് ചെയ്ത് മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്‍റെ വിജയം തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ സംഭവത്തില്‍ വിശദമായ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.